നാണയങ്ങളെയും കറന്‍സികളെയും പരിചയപ്പെടുത്തി ഖമറുദ്ദീന്‍ മുസ്‌ലിയാര്‍
പൂക്കോട്ടുംപാടം: വിദ്യാര്‍ഥികള്‍ക്ക് മതപഠനം നല്‍കുന്നതോടൊപ്പം സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങളിലും അറിവും അവബോധവും നല്‍കാന്‍ ശ്രമിക്കുകയാണ് പാറക്കപ്പാടം ജന്നത്തുല്‍ ഉലൂം മദ്‌റസയിലെ പഴങ്കരയില്‍ ഖമറുദ്ദീന്‍ ഉസ്താദ്.
മദ്‌റസയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലും വിദേശങ്ങളിലുമായി പുറത്തിറങ്ങിയ നാണയങ്ങളെയും കറന്‍സികളെയും പരിചയപ്പെടുത്താന്‍ വിപുലമായ ഒരു നാണയശേഖരം തന്നെ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഒരു രൂപ മുതല്‍ നൂറു രൂപവരെയുള്ള വിവിധ തരം കറന്‍സികളും വ്യത്യസ്ത ഗവര്‍ണര്‍മാര്‍ കയ്യൊപ്പുവച്ച നോട്ടുകളും നാട്ടുരാജാക്കന്മാരുടെ കാലത്തെ അപൂര്‍വം നാണയങ്ങളും വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഇതില്‍പ്പെടും. കൊടുവള്ളിയില്‍ ജോലി ചെയ്യുന്ന അവസരത്തിലാണ് റോഡരികില്‍ പഴയ നാണയങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരാളെ പരിചയപ്പെട്ടത് വഴി ഇദ്ദേഹം നാണയ ശേഖരണത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്ന് 250 ഓളം നാണയങ്ങളും അന്‍പതിലധികം കറന്‍സികളും തന്റെ ശേഖരത്തിലുണ്ടെന്ന് ഖമറുദ്ദീന്‍ മുസ്‌ലിയാര്‍ പറയുന്നു. ഇതിനു പുറമെ വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ പത്രങ്ങളില്‍ വരുന്ന വിവിധ വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കൊളാഷ് പ്രദര്‍ശനവും നടത്തുന്നു.
മദ്‌റസയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഖുര്‍ആന്റെ വലുതും ഏറ്റവും ചെറുതുമായ വിവിധ പതിപ്പുകളെ പരിചയപ്പെടുത്താനും നേരില്‍ കാണാനും അവസരമൊരുക്കുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളുള്ള മദ്‌റസയില്‍ 150 ഓളം കുട്ടികളാണ് മതപഠനം നടത്താന്‍ എത്തുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും ഈ ബോധവത്കരണം ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്നതാണ് ഈ പഠനരീതിയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം വിപുലമായ രീതിയില്‍ മദ്‌റസയില്‍ നാണയ പ്രദര്‍ശനവും കൊളാഷ് പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."