പറവണ്ണയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം; പ്രതി കസ്റ്റഡിയില്‍
തിരൂര്‍: പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ പ്രതി പൊലിസ് കസ്റ്റഡിയില്‍. പറവണ്ണ പള്ളത്ത് ആദം (42) ആണ് തിരൂര്‍ പൊലിസിന്റെ കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീ(40)ന്റെ ഓട്ടോ തല്ലി തകര്‍ക്കുന്നതിനിടെ പരുക്കേറ്റ ആദം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പൊലിസ് സാന്നിധ്യത്തില്‍ ചികിത്സയിലാണ്. പറവണ്ണ അങ്ങാടിയില്‍ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ആദം മുഹമ്മദ് യാസീനെ നെഞ്ചിനും മുതുകിനും കത്തിക്കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരുക്കേറ്റ് ചോരയില്‍ കുളിച്ച യാസീനെ നാട്ടുകാര്‍ ചേര്‍ന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. യാസീനെ ആക്രമിച്ച സമയത്ത് വിദേശത്തു നിന്നെത്തിയ ബന്ധു കൂടി ആദമിനൊപ്പമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പൊലിസിന് നല്‍കിയ മൊഴി. പരസ്യ മദ്യപാനം ചോദ്യം ചെയ്തതും ആക്രമണത്തിനിടയാക്കിയെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യലഹരിയില്‍ യാസീനെ കുത്തി വീഴ്ത്തിയ പ്രതി പിന്നീട് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഓട്ടോ തല്ലി തകര്‍ക്കുന്നതിനിടെ സാരമായി പരുക്കേറ്റ ആദമിനെയും പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദം സ്വഭാവ ദൂഷ്യങ്ങളുള്ള വ്യക്തിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പൊലിസിനും വ്യക്തമായ വിവരങ്ങളുണ്ട്. കോട്ടക്കല്‍ മിംസ് ആശുപത്രിയിലെ പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പറവണ്ണ തെക്കെ പള്ളി ഖബര്‍സ്ഥാനില്‍ വൈകീട്ട് അഞ്ചോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഖബറടക്കി. മതപണ്ഡിതരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊലിസും സ്ഥലത്തെത്തിയിരുന്നു. യാസീന്‍ സി.പി.എം അനുഭാവിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."