48 വര്‍ഷങ്ങള്‍ക്കപ്പുറം നാടുവിട്ടുപോയി; ഉമ്മയെ കാണാന്‍ തിരിച്ചെത്തുന്നതിനിടെ വിയോഗ വാര്‍ത്തയെത്തി
കാസര്‍കോട്: നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉമ്മയെ കാണാന്‍ ട്രെയിനില്‍ യാത്ര തിരിച്ച മകനെ തേടിയെത്തിയത് മാതാവിന്റെ വിയോഗ വാര്‍ത്ത. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദലിക്കാണ് മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ മാതാവിനെ ജീവനോടെ കാണാന്‍ സാധിക്കാത്തത്. ചെന്നൈയില്‍ നിന്നു പുറപ്പെട്ടെങ്കിലും യാത്രയ്ക്കിടെ മാതാവിന്റെ മരണ വാര്‍ത്ത തേടിയെത്തുകയായിരുന്നു.
മുഹമ്മദലിയുടെ മാതാവും ആലംപാടി സ്വദേശിനിയും പരേതനായ സേട്ട് അബ്ദുല്ലയുടെ ഭാര്യയുമായ നഫീസ (92) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ മുട്ടത്തൊടി ഹിദായത്ത് നഗറിലെ മറ്റൊരു മകന്റെ വീട്ടില്‍ വച്ച് മരിച്ചത്.
1971 ലാണ് മുഹമ്മദലി നാടുവിട്ടു പോയത്. തുടര്‍ന്ന് ഇയാള്‍ നീണ്ട 48 വര്‍ഷം ചെന്നൈയിലെ ഒരുകടയില്‍ ജോലി ചെയ്തുവരുകയായിരുന്നു. മൂന്നു മാസം മുമ്പ് രോഗബാധിതനായ മുഹമ്മദലിയെ ചെന്നൈ പെരമ്പൂരിലെ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റെടുക്കുകയും ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതേസമയം ഇയാള്‍ എവിടെയുണ്ടെന്ന യാതൊരു വിവരവും ബന്ധുക്കള്‍ക്ക് നാളിതുവരെയായി അറിയില്ലായിരുന്നു.
മുഹമ്മദലിയുടെ പടവും മറ്റു വിവരങ്ങളും ചെന്നെയിയുള്ള മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് നാല് ദിവസം മുമ്പ് ഇയാള്‍ ചെന്നൈയില്‍ ഉള്ള വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് സഹോദരന്‍ കുഞ്ഞഹമ്മദ് ചെന്നൈയിലേക്ക് പോവുകയും മുഹമ്മദലിയേയും കൂട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെ ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.
എന്നാല്‍ വൈകുന്നേരം ആറോടെ നഫീസ തന്റെ മൂത്ത മകനെ ഒരു നോക്കുകാണണമെന്ന ആഗ്രഹം സഫലമാകാതെ വിടപറഞ്ഞു. ഇന്ന് രാവിലെ നാട്ടിലെത്തിയ മുഹമ്മദലി ചേതനയറ്റ മാതാവിന് യാത്രാ മൊഴി നല്‍കി. തുടര്‍ന്ന് രാവിലെ 11 ഓടെ ആലംപാടി ജുമാ മസ്ജിദ് പരിസരത്ത് നഫീസയുടെ മൃതദേഹം ഖബറടക്കി.
മറ്റു മക്കള്‍: റുഖിയ, ആയിഷ, സുലൈഖ, ഇബ്രാഹിം, പരേതയായ ബീഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദ്, അബ്ബാസ്, വി. ആര്‍. മുഹമ്മദ്, സൈറ, സൈറബാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."