പൈപ്പ് ലൈന്‍ തകരാറില്‍; കുടിവെള്ളമില്ലാതെ ഇരുപതോളം കുടുംബങ്ങള്‍
ബോവിക്കാനം: ഒരു മാസത്തോളമായി കുടിവെള്ളമില്ലാതെ വലയുകയാണ് ബോവിക്കാനം ടൗണിലെ മുളിയാര്‍ പഞ്ചായത്തിനു സമീപത്തെ ഇരുപതോളം കുടുംബങ്ങള്‍. ജലഅതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നതു കാരണമാണ് കുടിവെള്ളവിതരണം മുടങ്ങുന്നത്. പൈപ്പുകളിലെ കുടിവെള്ളത്തിന്റെ വരവുനിലച്ചതോടെ വീട്ടാവശ്യങ്ങള്‍ക്കും മറ്റുമുള്ള വെള്ളം ഇപ്പോള്‍ പഞ്ചായത്ത് ഓഫിസിലെ കുഴല്‍ക്കിണറില്‍നിന്നു തലച്ചുമടായി കൊണ്ടുവന്ന് കിട്ടാവുന്ന പാത്രത്തിലെല്ലാംശേഖരിച്ചുവയ്ക്കുകയാണ് വീട്ടുകാര്‍.
മഴപെയ്താല്‍ കുറച്ചുവെള്ളം അങ്ങിനെ സംഭരിക്കും. പൈപ്പുപൊട്ടല്‍ ഇവിടെ പതിവാണ്. പുനഃസ്ഥാപിച്ചു കിട്ടാന്‍ ഏറെ പ്രയാസവും. ജല അതോറിറ്റിയുടെ ഏട്ടാംമൈലിലുള്ള ജലസംഭരണിയില്‍ നിന്നാണ് ഇവിടേക്ക് പൈപ്പ് ലൈന്‍ വഴി വെള്ളമെത്തിയിരുന്നത്.
ജലവിതരണം മുടങ്ങിയതോടെ പൈപ്പ് ലൈനിന്റെ തകരാര്‍ പരിഹരിക്കണമെന്ന് നിരവധി തവണ ജല അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ പൈപ്പ് പൊട്ടിക്കിടക്കുന്ന സ്ഥലം കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുടിവെള്ളത്തിന് മറ്റുസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ശുദ്ധജലം കിട്ടാക്കനിയായതോടെ കിട്ടുന്നവെള്ളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
പൈപ്പ് ലൈനിന്റെ തകരാര്‍ പരിഹരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."