വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പതിന് വാദം കേള്‍ക്കും
മഞ്ചേരി: വളാഞ്ചേരി ആലിന്‍ചുവട് രാഹുല്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പതിന് രണ്ടുകക്ഷികളും വാദം കേള്‍ക്കും. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും വിധിപറയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ ജ്യോതി (56), എറണാകുളം സ്വദേശി മുഹമ്മദ് യൂസഫ് (51) എന്നിവര്‍ പ്രതികളായ കേസില്‍ 73 സാക്ഷികളാണ് ഉണ്ടായിരുന്നത്.
ഇതില്‍ 52 പേരെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിസ്തരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 76 രേഖകളും, 21 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സാഹചര്യതെളിവുകളും ശാസ്ത്രീയമായ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്. 2015 ഒക്ടോബര്‍ എട്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെട്ടേറ്റ് മരിച്ചനിലയില്‍ വിനോദിനെയും കഴുത്തില്‍ മുറിവേറ്റനിലയില്‍ ജ്യോതിയേയും മുറിയില്‍ കണ്ടെത്തുകയായിരുന്നു. 38 ഓളം മുറിവുകളാണ് വിനോദിനേറ്റിരുന്നത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ജ്യോതിയുടെ പങ്ക് വ്യക്തമായത്.
വിനോദ് രണ്ടാംവിവാഹം കഴിച്ചതും അതില്‍ കുട്ടിയുണ്ടാകുകയും ചെയ്തതോടെ സ്വത്തുകള്‍ ഭാഗം വച്ചുപോകുമെന്ന് കണ്ടതോടെയാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്.
എറണാകുളത്തെ ഇവരുടെ ഫ്‌ളാറ്റിലെ താമസക്കാരനും കുടുംബ സുഹൃത്തുമായ യൂസഫിനെ ഇതിനായി കൂടെ കുട്ടിയിരുന്നു. രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന വിനോദിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."