വിജിലന്റാവാതെ വിജിലന്‍സ്
തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറയുമ്പോഴും സര്‍ക്കാറോഫിസുകളിലെ അഴിമതിക്കാരെ കുടുക്കാനുള്ള വിജിലന്‍സിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍. ഇടയ്ക്കിടെ ചില വകുപ്പുകളില്‍ മിന്നല്‍ പരിശോധന നടത്തുമെങ്കിലും തുടര്‍ നടപടിയില്ല.
വിജിലന്‍സ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതിക്കാരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞു. വിജിലന്‍സ് തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കേസുകളുടെ എണ്ണം കുറഞ്ഞതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം, റവന്യൂ, തദ്ദേശ സ്വയംഭരണം, സഹകരണ വകുപ്പുകള്‍ പട്ടികയില്‍ ഒന്നാമതായി തുടരുന്നു. ഇതില്‍ പരമാവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് 2017-18 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 109 ആയിരുന്നു. ഇത് 2018-19 ആയപ്പോള്‍ 84 ആയി കുറഞ്ഞു. വിജിലന്‍സ് കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. 2017-18ല്‍ 88 കേസുകളില്‍ വിജിലന്‍സ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍, 2018-19ല്‍ 42 കേസുകളില്‍ മാത്രമാണ് കുറ്റപത്രം നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ പ്രധാന കാരണം കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രം അഴിമതി നിരോധന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രം കൊണ്ടുവന്ന ഭേദഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ല. കൈക്കൂലി കേസുകള്‍ക്കുവരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതുമൂലം പല അന്വേഷണങ്ങളും വഴിമുട്ടി നില്‍ക്കുന്നുവെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. അതു കൊണ്ടാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറഞ്ഞതത്രേ.
രജിസ്റ്റര്‍ ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, വിജിലന്‍സ് കോടതികള്‍ പ്രതികളെ ശിക്ഷിച്ച കേസുകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ്. 2017-18 ല്‍ 50 ശതമാനം കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചിരുന്നതെങ്കില്‍ 2018-19ല്‍ 53.45 ശതമാനം ആയി കൂടി.
പരാതികളുടെ അടിസ്ഥാനത്തില്‍ അടിക്കടി വിജിലന്‍സ് സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്താറുണ്ട്. ഇതിലും കാര്യമായ കുറവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചുണ്ട്. 2017-18ല്‍ വിജിലന്‍സ് 1,081 മിന്നല്‍ പരിശോധന നടത്തി. ഇത് 765 ആയി കുറഞ്ഞു. ഇതു കൂടാതെ അനധികൃത സ്വത്ത് സമ്പാദിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ രഹസ്യാന്വേഷണം നടത്തുന്നത് വിജിലന്‍സ് തുടരുന്നുണ്ട്.
2017-18ല്‍ വിജിലന്‍സ് 45 രഹസ്യ അന്വേഷണങ്ങള്‍ നടത്തി. അതേ വര്‍ഷം തീര്‍പ്പു കല്‍പ്പിച്ചിരുന്ന 57 രഹസ്യ അന്വേഷണങ്ങള്‍ ഉള്‍പ്പെടെ വിജിലന്‍സ് 82 അന്വേഷണങ്ങളില്‍ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
2018-19ല്‍ 58 രഹസ്യ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും 40 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടറായിരിക്കുമ്പോഴാണ് കൂടുതല്‍ കേസുകള്‍ അന്വേഷിച്ചതും കോടതികളില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പിന്നീട് സര്‍ക്കാരിന് വേണ്ടപ്പെട്ടയാളെ വിജിലന്‍സ് ഡയരക്ടര്‍ ആക്കിയതോടെയാണ് അഴിമതി കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."