അഞ്ചേരി ബേബി വധം സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറിയെ പ്രതിയാക്കിയ ഉത്തരവ് റദ്ദാക്കി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ ജയചന്ദ്രനെ പ്രതിയാക്കിയ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ സെഷന്‍സ് കോടതി ജയചന്ദ്രനെ പ്രതിയാക്കിയത്. വൈദ്യുതി വകുപ്പു മന്ത്രി എം. എം മണിയുള്‍പ്പെടെയുള്ള നാലു പേരായിരുന്നു കേസിലെ പ്രതികള്‍. പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നു ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരെ കൂടി പ്രതിയാക്കിയിരുന്നു. കേസില്‍ ജയചന്ദ്രനൊപ്പം പ്രതിയായിരുന്ന രാജാക്കാട് സ്വദേശിയും സി.ഐ.ടി.യു നേതാവുമായിരുന്ന എ. കെ ദാമോദരനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.
കേസിലെ പ്രതിയായിരുന്ന ദാമോദരന്‍ മരിച്ച സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സരോജിനി നല്‍കിയ ഹരജി അനുവദിക്കുകയായിരുന്നു. വിചാരണ കോടതിയുടെ നടപടികള്‍ ധൃതിപിടിച്ചതും നിയമപരവുമായിരുന്നില്ലെന്ന് വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് പി. ഉബൈദ് ചൂണ്ടിക്കാട്ടി. ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളും കേസിന്റെ എഫ്.ഐ.ആറിലും പിന്നീട് സമര്‍പ്പിച്ച കുറ്റപത്രത്തിലും പ്രതികളായിരുന്നില്ല. വിചാരണ കോടതി ക്രിമിനല്‍ നടപടി ക്രമം പാലിക്കാതെ സിവില്‍ കേസുകളിലെ പോലെ പ്രതിപ്പട്ടികയില്‍ ഹരജിക്കാരനെ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി.
1982ല്‍ മണത്തോട്ടിലെ ഏലക്കാട്ടില്‍ വച്ചാണ് അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും നിലവിലെ വൈദ്യുതി മന്ത്രിയുമായ എം. എം മണിയും ജയചന്ദ്രനുമടക്കം ഗൂഢാലോചന നടത്തിയ കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസിലെ ഒന്‍പത് പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എന്നാല്‍ എം. എം മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."