പൊലീസ് പിടിച്ചിടുന്ന വാഹനങ്ങള്‍ വഴിമുടക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
പാറശാല: അപകടം വരുത്തുന്നതും കൃത്യമായ രേഖകള്‍ ഇല്ലാതെയും കള്ളക്കടത്തിലുമായി പൊലിസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ റോഡ് വക്കിലിടുന്നതു പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പാറശാല പൊലിസ് പലകാരണങ്ങള്‍ പറഞ്ഞ് പിടികൂടുന്ന വാഹനങ്ങളാണ് വഴിമുടക്കികളായി പാതയോരങ്ങള്‍ അടക്കിവാഴുന്നത്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കൃത്യ സമയങ്ങളില്‍ നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ പാതയോരങ്ങളില്‍ തള്ളുന്നതു കാരണം കാല്‍നട യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
പാറശാല പൊലിസ് സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പായി നിരവധി സര്‍ക്കാര്‍ ഓഫിസുകളും പാറശാല പഞ്ചായത്ത് ഓഫിസും സ്ഥിതി ചെയ്യുന്നത് ഈ റോഡിലാണ്. വര്‍ഷങ്ങളായി പിടിച്ചിടുന്ന വാഹനങ്ങള്‍ ഒന്നിനു പുറത്ത് മറ്റൊന്നായി അപകടം വരുത്തുന്ന തരത്തിലാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഒരു കിലോമീറ്ററോളം ദൂരം പിടിച്ചിടുന്ന വാഹനങ്ങള്‍ നിരന്നു കഴിഞ്ഞു. ഉടമകള്‍ തിരിച്ചെടുക്കാന്‍ തയാറാകാത്തതാണ് വാഹനങ്ങള്‍ ഇത്തരത്തില്‍ കുന്നുകൂടുവാന്‍ കാരണം. ബൈക്കുകള്‍ മുതല്‍ ടിപ്പര്‍ ലോറികള്‍ വരെ തുരുമ്പ് പിടിച്ച് നശിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി പാതയോരങ്ങളില്‍ കിടന്നിട്ടും ഉന്നത അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പൊതുജനാക്ഷേപം ശക്തമാണ്. നെയ്യാറ്റിന്‍കരയിലും സ്ഥിതി മറ്റൊന്നല്ല. പഴയ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കുന്നുകൂടികിന്ന വാഹനങ്ങള്‍ അടുത്തിടെ സ്റ്റേഷന്‍ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റുന്നതിനു മുന്നോടിയായി ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്ത് ലോറികളില്‍ കയറ്റി പുതിയ സ്റ്റേഷന്‍ പരിസരത്ത് നിക്ഷേപിച്ചിരിക്കുകയാണ്. പൊലിസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്ത് നിക്ഷേപിച്ചിരിക്കുന്ന വാഹനങ്ങളില്‍ നിന്നും വിലപിടിപ്പുള്ള പാര്‍ട്ട്‌സുകള്‍ പൊലിസുകാരുടെ മക്കള്‍ തന്നെ ഊരിവിറ്റ സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."