അഞ്ചുവര്‍ഷത്തിനിടെ മരണത്തില്‍ അഭയം തേടിയത് 66 പൊലിസുകാര്‍
മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലിസുകാരെ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നു
കൊല്ലം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 പൊലിസുകാര്‍ ആത്മഹത്യചെയ്‌തെന്നും തൊഴിലിടങ്ങളിലെ അസ്വസ്ഥതകളും ആത്മഹത്യക്ക് കാരണമാണെന്നും കേരളാ പൊലിസ് അസോസിയേഷന്‍. ചിലയിടങ്ങളില്‍ സേനക്കുള്ളില്‍ അടിമ സമ്പ്രദായം കുറച്ചെങ്കിലുമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എസ് ബൈജു, ജന. സെക്രട്ടറി പി.ജി അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന പൊലിസ് സേനയില്‍ ഉണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ആശങ്ക ഉളവാക്കുന്നതാണ്. വ്യക്തിപരമോ കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങള്‍ കൊണ്ടുമാത്രമല്ല പലരും ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വസ്തുതാപരമായി പഠിച്ച് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലിസുകാരെ കൂടുതല്‍ മാനസിക സമ്മര്‍ദങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പൊതുജനങ്ങളോട് പൊലിസ് മാന്യമായി പെരുമാറണമെന്ന് നിഷ്‌കര്‍ഷയുള്ളപ്പോള്‍ തൊഴിലിടങ്ങളില്‍ പൊലിസുകാര്‍ക്ക് മാന്യമായ പെരുമാറ്റം അനുഭവിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരേയുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ അനാവശ്യ മാനസിക പീഡനങ്ങള്‍ക്കെതിരേ അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ പ്രതികരിക്കാന്‍ കേരളാ പൊലിസ് അസോസിയേഷന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സംസ്ഥാന പൊലിസ് മേധാവിയുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കഴിഞ്ഞദിവസം എറണാകുളത്തു ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. മേലുദ്യോഗസ്ഥന്റെ നിയമപരമല്ലാത്ത ഉത്തരവ് അനുസരിക്കരുതെന്ന നിയമം പ്രാബല്യത്തിലുണ്ടെങ്കിലും പൊലിസുകാര്‍ക്ക് അതിന് കഴിയാറില്ല.
1988ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും സേനയില്‍ നിലവിലുള്ളത്. അംഗസംഖ്യയുടെ വര്‍ധനവ്, കാലഹരണപ്പെട്ട റൂള്‍ പരിഷ്‌കരണം, ഏകീകൃത ലോക്കപ്പ് സംവിധാനം തുടങ്ങിയ ആവശ്യങ്ങള്‍ ഇനിയും നടപ്പായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."