വികസനക്കുതിപ്പ് പ്രതീക്ഷിച്ച് പുത്തന്‍ചിറയിലെ കയര്‍ വ്യവസായം
പുത്തന്‍ചിറ: വികസനം തേടി പുത്തന്‍ചിറയിലെ കയര്‍ വ്യവസായം. കയര്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ ഇല്ലാത്തതാണ് പുത്തന്‍ചിറയിലെ കയര്‍ വ്യവസായം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി.
ചകിരിയുടേയും തൊഴിലാളികളുടേയും ലഭ്യതക്കനുസരിച്ച് ഉത്പാദനം നടത്താന്‍ ആവശ്യമായ യന്ത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. 1997ല്‍ ആരംഭിച്ച പുത്തന്‍ചിറയിലെ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ 485 അംഗങ്ങളാണുള്ളത്. 40 തൊഴിലാളികള്‍ ഉണ്ടെങ്കിലും സ്ഥിരമായി ജോലിയുള്ളത് 25 തൊഴിലാളികള്‍ക്ക് മാത്രമാണ്.
കയര്‍ വ്യവസായ കേന്ദ്രം പ്രവര്‍ത്തിക്കുന്ന 52 സെന്റ് സ്ഥലം കൂടാതെ ചകിരി ശേഖരിക്കുന്നതിനും മറ്റുമായി 92 സെന്റ് സ്ഥലം വേറെയും ആസ്തിയുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കയര്‍ ഉത്പാദനത്തിനായി ചകിരിയെത്തുന്നുണ്ട്.
സംഘത്തിന് ശരാശരി ഒന്നര ലക്ഷം രൂപ പ്രതിമാസ വരുമാനമുണ്ട്. ആകെയുള്ള എട്ടു യന്ത്രങ്ങളില്‍ അഞ്ചു എണ്ണം മാത്രമാണിപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.
അഞ്ചെണ്ണത്തില്‍ രണ്ടെണ്ണം പത്ത് വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇപ്പോഴത്തെ ആവശ്യം നിറവേറാന്‍ പത്ത് യന്ത്രങ്ങള്‍കൂടി വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ആവശ്യമായ യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ മാറി മാറി ഇരുന്നാണ് ജോലി ചെയ്യുന്നത്.
ആവശ്യമായ യന്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ലഭിക്കുന്ന ചകിരി പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ യന്ത്രങ്ങള്‍ ലഭിച്ചാല്‍ ശേഖരിക്കുന്ന ചകിരി പൂര്‍ണമായി ഉപയോഗിക്കാനും അങ്ങനെ വലിയ ലാഭം നേടാനും കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."