സ്വര്‍ണം കൊള്ളയടിച്ച സംഭവം: പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
ചാലക്കുടി: വിദേശത്തുനിന്നു നെടുമ്പാശ്ശേരി വഴി കൊണ്ടുവന്ന് കാറില്‍ കൊണ്ടുപോകുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം വച്ച് മറ്റൊരു കാറിലെത്തി കൊള്ളയടിച്ച കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു.
ഈ കേസില്‍ കോടതിയില്‍ കീഴടങ്ങിയ മൂന്ന് പ്രതികളുടെ തെളിവെടുപ്പാണു നടത്തിയത്. ആളൂര്‍ തിരുനെല്വേലിക്കാരന് വാവ എന്ന ഷെഫീഖ്(30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരെയാണ് കാര്‍ ആക്രമിക്കപ്പെട്ട പോട്ട ഫ്ളൈ ഓവറില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
കൃത്യം നടത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ പ്രതികള്‍ പൊലിസിനോട് വിശദീകരിച്ചു. ഇക്കഴിഞ്ഞ ഒന്‍പതിനാണ് കേസിലെ പ്രധാന സൂത്രകാരന്മാരായ ഇവര്‍ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.
നേരത്തെ ഈ കേസില്‍ മറ്റ് മൂന്ന് പേരെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന 560 ഗ്രാം സ്വര്‍ണം ചാലക്കുടി പോട്ട ഫ്ളൈ ഓവറിനു സമീപം വച്ച് ഇന്നോവ കാറിലും ഹ്യൂണ്ടായി ഐ ടെന്‍ കാറിലുമായെത്തിയ കവര്‍ച്ചാ സംഘം നാടകീയമായി കവരുകയായിരുന്നു.
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയായതിനാല്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്കരന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആര് സന്തോഷും ക്രൈം സ്ക്വാഡ് സംഘവും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി ഒരാഴ്ചയോളം ക്യാംപ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിക്കാനായത്.
തുടര്‍ന്ന് രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ് നാലിന് സംഘത്തിലെ മറ്റൊരു പ്രതിയും പൊലിസ് പിടിയിലായി. അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് മൂന്ന് പേര് കോടതിയില്‍ കീഴടങ്ങിയത്.
ഈ കേസില്‍ ഇനി മൂന്ന് പേര് കൂടി പിടിയിലാകാനുണ്ട്. പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, സബ് ഇന്‍സ്പെക്ടര്‍ വത്സകുമാര്‍, പൊലിസുകാരായ സതീശ് മഠത്തിപാടന്, വി.എല്‍.എല്‍ സില്‍ജോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."