പ്രളയാനന്തരം തൃശൂര്‍: വിഭവ സമാഹരണ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് 29ന് തുടക്കം
തൃശൂര്‍: പ്രളയത്തില്‍ അകപ്പെട്ട് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ ജില്ലയെ കരകയറ്റാന്‍ ജില്ലയിലെ മുഴുവന്‍ കലാകാരന്മാരെയും സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് 29ന് തുടക്കമാവും.
രാവിലെ 10 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ പ്രളയം വിഷയമായ കഥ-കവിതാ സമാഹാരം പ്രകാശനവും നാല് സെമിനാറുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ 23, 24, 25 തിയതികളിലായി തേക്കിന്‍കാട് മൈതാനത്ത് ജില്ലയിലെ മുഴുവന്‍ ചിത്രകാരന്മാരും പങ്കെടുക്കുന്ന ചിത്രരചന, ചിത്രവിപണനം, നാടകം, തായമ്പക, പഞ്ചവാദ്യം മുതലായവയും അരങ്ങേറും. സിനിമാ പ്രവര്‍ത്തകര്‍, നാടക പ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ മൂന്നുദിവസങ്ങളിലായി തേക്കിന്‍കാട് മൈതാനത്ത് കലാപ്രകടനങ്ങള്‍ നടത്തും. പരിപാടി ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ 25നകം പഞ്ചായത്തു തലത്തില്‍ യോഗം ചേരണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കലാസംഗമത്തിന്റെ ഭാഗമായി ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും യോഗം ജില്ലാ പ്ലാനിങ് ഓഫിസ് ഹാളില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."