ഈ കൈവിലങ്ങ് പ്രതികാരത്തിന്റേത്
ഏതുവശത്തു നിന്ന് നോക്കിയാലും അമിത് ഷായ്ക്ക് പി. ചിദംബരത്തോട് ശത്രുത തോന്നാന്‍ മതിയായ കാരണമുണ്ട്. സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷായെ ജയിലിലിട്ടതും നാടു കടത്തിയതും മാത്രമല്ല, ഹിന്ദുത്വത്തിന്റെ സ്‌ഫോടനപദ്ധതികളെ പുറത്തുകൊണ്ടു വന്നതും ഹിന്ദുത്വഭീകരതയെന്ന നരേറ്റിവ് രാജ്യത്ത് സൃഷ്ടിച്ചെടുത്തതും ചിദംബരമാണ്. എല്ലാ മുസ്‌ലിംകളും ഭീകരരല്ല എന്നാല്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്നതായിരുന്നു ഹിന്ദുത്വത്തിന്റെ അതുവരെയുള്ള വായ്ത്താരി. മലെഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞാസിങ്ങും കേണല്‍ ശ്രീകാന്ത് പുരോഹിതും അറസ്റ്റിലായതോടെ ആ വായ്ത്താരി വിഴുങ്ങേണ്ടി വന്നു ബി.ജെ.പിക്ക്. മോദിക്ക് ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് വഴിയൊരുക്കാന്‍ രാജ്യമെമ്പാടും സ്‌ഫോടനങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയും യു.പി.എ ഭരണത്തില്‍ രാജ്യം സുരക്ഷിതമല്ലെന്ന പ്രചാരണം സൃഷ്ടിക്കുകയുമായിരുന്നു ബി.ജെ.പി പദ്ധതി.
ഇതിനായി ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയ തങ്ങളുടെ ക്രിമിനല്‍സംഘത്തെയാണ് മോദിയും അമിത്ഷായും നിയോഗിച്ചത്. മലെഗാവ്, അജ്മീര്‍, മൊഡാസ സ്‌ഫോടനക്കേസുകളിലെ പ്രതികള്‍ ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ നേതൃപരമായ പങ്ക് വഹിച്ചവരായിരുന്നുവെന്ന വസ്തുതയെ ചെറുതായി കാണണ്ട. ഈ പദ്ധതിക്കാണ് അന്ന് ചിദംബരം തുരങ്കം വച്ചത്. ഹിന്ദുവിന് ഭീകരരാകാന്‍ കഴിയില്ലെന്നും ഹിന്ദുഭീകരത എന്ന പ്രയോഗം യു.പി.എ സൃഷ്ടിച്ചെടുത്തുവെന്നും അമിത്ഷാ പല തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. യു.പി.എ എന്നാല്‍ ചിദംബരം മാത്രമായിരുന്നു ലക്ഷ്യം. അതു മാത്രമായിരുന്നില്ല പ്രശ്‌നം. 2008ലെ മുംബൈ ആക്രമണത്തിന് പിന്നാലെയാണ് ചിദംബരം ആഭ്യന്തരമന്ത്രിലായായി ചുമതലയേല്‍ക്കുന്നത്. പിന്നാലെ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതങ്ങളിലും ഇന്റലിജന്‍സ് വിഭാഗങ്ങളിലും കാലാകാലങ്ങളായുണ്ടായിരുന്ന ആര്‍.എസ്.എസ് കണ്ണികളെ നിയന്ത്രിക്കാന്‍ ചിദംബരം നിരവധി കാര്യങ്ങള്‍ ചെയ്തു. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് സഹായകരമാവും വിധം വ്യാജ ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കിക്കൊണ്ടിരുന്നവരായിരുന്നു അവര്‍.
മോദിയുടെ സ്വന്തക്കാരനായിരുന്ന ഇന്റലിജന്‍സ് ബ്യൂറോ ജോയിന്‍ ഡയറക്ടര്‍ രാജേന്ദ്രകുമാറിനെ പദവിയില്‍ നിന്ന് മാറ്റുകയും ഇഷ്‌റത്ത് ജഹാനെയും കൂടെയുള്ളവരെയും വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാന്‍ സഹായിക്കുന്ന വ്യാജ ഇന്റലിജന്‍സ് റിപോര്‍ട്ട് ഗുജറാത്ത് പൊലിസിന് തയ്യാറാക്കി നല്‍കിയതിന് രാജേന്ദ്ര കുമാറിനെതിരേ കേസെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തതായിരുന്നു ഇതിലൊന്ന്. വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ 2009 ഓഗസ്റ്റ് ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഷ്‌റത്തിന് ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്.
രാജേന്ദ്രകുമാറിന്റെ ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടായിരുന്നു അത്. ഈ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ചിദംബരം നിര്‍ദേശം നല്‍കി. 2009 സെപ്റ്റംബര്‍ 29ന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇഷ്‌റത്ത് ലഷ്‌കറെ ത്വയ്ബ അംഗമാണെന്ന പരാമര്‍ശം ഒഴിവാക്കിയിരുന്നു. എന്നാല്‍ ആദ്യ മോദി സര്‍ക്കാര്‍ വന്നതോടെ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായി. സത്യവാങ്മൂലവുമായി ബന്ധപ്പെട്ട രേഖകള്‍ അപ്രത്യക്ഷമായതായി ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങ് തന്നെയാണ് ലോക്‌സഭയെ അറിയിച്ചത്.
എന്താണ് ചിദംബരത്തിനെതിരായ ആരോപണമെന്ന് നോക്കാം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരമോ മകന്‍ കാര്‍ത്തി ചിദംബരമോ ഒരു ഘട്ടത്തിലും പ്രതിയായിരുന്നില്ല. കുറ്റപത്രത്തില്‍ രണ്ടുപേരുടെയും പേരുമില്ല. ഇതുമായി ബന്ധപ്പെട്ട് കാര്‍ത്തിയുടെ വീട് നാലുതവണ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തിയെങ്കിലും കുറ്റപത്രത്തില്‍ പേര് ചേര്‍ക്കാന്‍ പോലും ഒന്നും കിട്ടിയില്ല. പീറ്റര്‍, ഇന്ദ്രാണി മുഖര്‍ജി ദമ്പതികളുടെതായിരുന്നു നേരത്തെ ഐ.എന്‍.എക്‌സ് മീഡിയ. മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കഴിയുന്ന ഇന്ദ്രാണിയുടെ സംശയകരമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ കേസില്‍ ചേര്‍ത്തുകൊണ്ടുള്ള ഈ നാടകങ്ങളെല്ലാം നടക്കുന്നത്. 2007ല്‍ ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ മറികടന്ന് 305 കോടി സ്വീകരിക്കാന്‍ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് അനുമതി നല്‍കിയെന്നാണ് ഐ.എന്‍.എക്‌സ് മീഡിയ കേസ്. 2007 മെയ് 18ന് ചേര്‍ന്ന ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ യോഗം ഐ.എന്‍.എക്‌സ് മീഡിയയുടെ വിദേശനിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, ഡൗണ്‍ സ്ട്രീം നിക്ഷേപത്തിന് (ഓഹരിവാങ്ങി കമ്പനി നിയന്ത്രണം ഏറ്റെടുത്തുകൊണ്ടുള്ള നിക്ഷേപം) അനുമതി നല്‍കിയിരുന്നില്ല. 4.62 കോടി സ്വീകരിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍ കമ്പനി 800 രൂപയുടെ ഓഹരികളായി 305 കോടി സ്വീകരിച്ചുവെന്നാണ് ആരോപണം. 10 വര്‍ഷം കഴിഞ്ഞ് 2017 മെയ് 15നാണ് ഇതുസംബന്ധിച്ച് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ജോലി ചെയ്യുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ് മീഡിയ നല്‍കിയതാണ് ഇതിലൊന്ന്. കമ്പനി ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ചട്ടം ലംഘിച്ച് മൗറീഷ്യസില്‍ നിന്ന് സ്വീകരിച്ച നിക്ഷേപത്തിനെതിരായ അന്വേഷണം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതെന്നാണ് ആരോപണം.
2007 മെയ് 18ന് ചേര്‍ന്ന ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ യോഗം ഐ.എന്‍.എക്‌സ് മീഡിയക്ക് 46.126 ശതമാനത്തിന്റെ വിദേശ ഓഹരി സ്വീകരിക്കാനാണ് അനുമതി നല്‍കിയത്. നിലവിലുള്ള ചട്ട പ്രകാരം 74 ശതമാനം വരെ വിദേശഓഹരി സ്വീകരിക്കാമെന്നാണ് ചിദംബരം പറയുന്നത്. അങ്ങനെ വന്നാല്‍ ചിദംബരത്തിനെതിരായ കേസു മാത്രമല്ല ഐ.എന്‍.എക്‌സ് മീഡിയ കേസുപോലും നിലനില്‍ക്കില്ല. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ യോഗത്തില്‍ ധനകാര്യസെക്രട്ടറിയും വിവിധ മന്ത്രാലയങ്ങളിലെ ആറു സെക്രട്ടറിമാരുമാണ് പങ്കെടുക്കുന്നത്. ചിദംബരം അതില്‍ അംഗമല്ല. ഫയല്‍ ചിദംബരത്തിന്റെ മുമ്പിലെത്തുമ്പോള്‍ യോഗം ഇക്കാര്യം ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിരുന്നു. സാധാരണ നടപടിക്രമം എന്ന നിലക്കാണ് അതിന് അംഗീകാരം നല്‍കുകയായിരുന്നു ചിദംബരം. മകന്‍ കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് 10 ലക്ഷം രൂപ ഐ.എന്‍.എക്‌സ് മീഡിയ നല്‍കിയത് കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി ജോലികള്‍ ചെയ്തതിന് ഫീസായാണെന്ന് ചിദംബരം പറയുന്നു.
കമ്പനിയില്‍ കാര്‍ത്തി ഡയരക്ടറോ ഓഹരിയുടമയോ അല്ല.
കേസില്‍ പ്രതിചേര്‍ക്കപ്പെടാത്ത ചിദംബരത്തിനെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കുമോയെന്ന ചോദ്യത്തിനൊന്നും മോദി ഭരണത്തില്‍ പ്രസക്തിയില്ല. ചിദംബരത്തിന്റെ വായടപ്പിക്കുമ്പോള്‍ രാഷ്ട്രീയമായി വേറെയും നേട്ടമുണ്ട് ബി.ജെ.പിക്ക്. രാജ്യസഭയില്‍ ചിദംബരം നടത്തുന്ന പൊള്ളുന്ന പ്രസംഗങ്ങളാണ് ഇതിലൊന്ന്. ബുദ്ധിയിലും സംവാദ ശേഷിയിലും ചിദംബരത്തിന് പകരം വയ്ക്കാന്‍ ഒരാള്‍ പോലുമില്ല ബി.ജെ.പിയില്‍. ചിദംബരത്തിന്റെ വാര്‍ത്താസമ്മേളനവും ഒരു ദേശീയ മാധ്യമത്തിലെഴുതുന്ന പ്രതിവാരകോളവും ട്വീറ്റുകളും സര്‍ക്കാറിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ശക്തനായ ഒരു ശത്രുവിനെത്തന്നെയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ഈ കൈവിലങ്ങ് പ്രതികാരത്തിന്റേത് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."