പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹറില്‍ കൂട്ടമാനഭംഗത്തിന് ഇരയായവരുടെ കുടുംബം
ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ ശിക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ആക്രമത്തിന് ഇരയായവരുടെ കുടുംബം.വെള്ളിയാഴ്ച്ച രാത്രി ബുലന്ദ്ശഹറില്‍ കാറില്‍ സഞ്ചരിക്കവെയാണ് തോക്കുചൂണ്ടി അമ്മയേയും മകളേയും കവര്‍ച്ചാസംഘം കൂട്ടബലാത്സംഗം ചെയ്തത്.
മൂന്നു മാസത്തിനുള്ളില്‍ കുറ്റക്കാരെ ശിക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കുടുംബനാഥന്റെ ഭീഷണി. ' അവര്‍ ഞങ്ങളെ കൊള്ളയടിച്ചു, മര്‍ദ്ദിച്ചു, എല്ലാര്ക്കും അറിയാമല്ലോ അവര്‍ എന്താണ് എന്റെ മകളോട് ചെയ്തതെന്താണെന്ന്. എന്റെ ഭാര്യയും മകളും അവരെ ശിക്ഷിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുറ്റവാളികള്‍ മൂന്ന് മാസത്തിനകം ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ മൂന്ന് പേരും ആത്മഹത്യ ചെയ്യും' കുടുംബനാഥന് പറഞ്ഞു.
അവര്‍ ഏഴോ എട്ടോ പേരുണ്ടായിരുന്നതായും മൂന്ന് മണിക്കൂറോളം കഴിഞ്ഞിട്ടാണ് അവര്‍ പോയതെന്നും അവര്‍ പറഞ്ഞു.
സംഭവം നടന്നതിന് അപ്പുറത്ത് പൊലിസ് ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. പക്ഷേ ഇത്രയും സംഭവം നടന്നിട്ടും അവര്‍ ശ്രദ്ധിച്ചതു പോലുമില്ല. 15 മിനിറ്റോളം തുടര്‍ച്ചയായി 100 ലേക്ക് ഡയല് ചെയ്തിട്ടും തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. അവസാനം സുഹൃത്തിനെ വിളിച്ചപ്പോള്‍ അദ്ദേഹമാണ് വിവരം പൊലിസില്‍ അറിയിച്ചതെന്നും കുടുംബനാഥന് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് നാല് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ അക്രമികളെ പിടികൂടണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് പേരെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."