പൂവ്വത്തിങ്കല്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനസജ്ജമായില്ല
ചാലക്കുടി: പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന വനംവകുപ്പിന്റെ പൂവ്വത്തിങ്കലിലുള്ള ചെക്ക് പോസ്റ്റ് ഇനിയും പ്രവര്‍ത്തന സജ്ജമായില്ല. പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച ചെക്ക് പോസ്റ്റാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.
രണ്ട് മാസത്തോളമായി ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. പ്രളയത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള കാരണമായി വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കെട്ടിടത്തിന്റെ അടിത്തറ താഴ്ന്ന്‌പോയ നിലയിലാണ്. ഇതിന് പുറമെ മുകള്‍ഭാഗത്ത് വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലകളില്‍ നിന്നുള്ള മലക്കപ്പാറ അതിരപ്പിള്ളി റോഡും ചായ്പന്‍കുഴി കുറ്റിച്ചിറ റോഡും സംഗമിക്കുന്ന പൂവ്വത്തിങ്കലിലാണ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. വനംകൊള്ളക്കാര്‍ക്ക് പേടിസ്വപ്നമായിരുന്നു ഈ ചെക്ക് പോസ്റ്റ്. രാത്രിയിലും പകലും ഇവിടെ പരിശോധനയുണ്ടായിരുന്നു. റോഡിന് കുറുകെ സ്ഥാപിച്ചിട്ടുള്ള ക്രോസ് ബാര്‍ പ്രവര്‍ത്തിപ്പിച്ച് പരിശോധന നടത്തിയാണ് വാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടിരുന്നത്.
നേരത്തെ, ഇതുവഴി കാട്ടുമൃഗങ്ങളുടെ മാംസം, തോല്‍, വനവിഭവങ്ങള്‍, കാട്ടിലെ തടികള്‍ എന്നിവ കടത്തികൊണ്ടുപോകുന്നത് വ്യാപകമായിരുന്നു. ഇത് തടയാനായാണ് ഇവിടെ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. ചെക്കപോസ്റ്റിലെ പരിശോധന കര്‍ശനമായതോടെ വനംകൊള്ളക്കാരുടെ ശല്യം നിയന്ത്രിക്കാനുമായി.
എന്നാല്‍ ചെക്ക് പോസ്റ്റ് നിര്‍ത്തലായതോടെ ഇത്തരക്കാര്‍ ഇവിടെ സജീവമായെന്നാണ് ലഭിക്കുന്ന സൂചനകള്‍. കൊടുങ്കാറ്റിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും നിരവധി തേക്ക്, ഈട്ടിയടക്കമുള്ള നിരവധി മരങ്ങളാണ് വനത്തില്‍ മറിഞ്ഞ് വീണുകിടക്കുന്നത്. ഈ മരങ്ങള്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനമല്ലാതായതോടെ കടത്തികൊണ്ടു പോകാനുള്ള സാധ്യതയും ഏറെയാണ്. ചെക്ക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."