പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാര്‍: ആയിരങ്ങളുടെ അവസാന ആശ്രയം
നെല്ലായ: പ്രമുഖ സൂഫി പണ്ഡിതന്‍ പറപ്പൂര്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടമായത് ആയിരങ്ങളുടെ ആശാകേന്ദ്രം. നെല്ലായ ചെര്‍പ്പുളശ്ശേരി വല്ലപ്പുഴ പ്രദേശങ്ങളില്‍ മൊത്തത്തിലും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ ഏതൊരുകാര്യത്തിലും അവസാന വാക്കായി കണ്ടിരുന്നത് ബാപ്പുട്ടി മുസ്‌ലിയാരെയായിരുന്നു. പിതാവ് കുഞ്ഞീന്‍ മുസ്‌ലിയാരുടെ ശിഷ്യനായി നെല്ലായ പഞ്ചായത്തിലെ ഇരുമ്പാലശ്ശേരിയില്‍ ദര്‍സ് വിദ്യാര്‍ഥിയായ അന്ന് മുതല്‍ തുടങ്ങിയതാണ് ഈ പ്രദേശവുമായുള്ള ബന്ധം.
അക്കാലത്ത് എല്ലാകാര്യങ്ങളുടെയും അവസാന വാക്ക് ബാപ്പുട്ടി മുസ്ലിയാരുടെ പിതാവായിരുന്നകുഞ്ഞീന്‍ മുസ്‌ലിയാരായിരുന്നു. പിതാവിന്റെ കാലശേഷം അദ്ധേഹത്തിന്റെ ആത്മീയ ചികിത്സയും മറ്റും ബാപ്പുട്ടി മുസ്‌ലിയാര്‍ ഏറ്റെടുത്തു. ഈ പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോട്ടക്കലിനടുത്തുള്ള പറപ്പൂര്‍ ഗ്രാമത്തിലെത്തും. ഈ പ്രദേശങ്ങളിലും മലബാര്‍ മേഖലയിലും നിരവധി മതസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ വലിയപങ്കാണ് അദ്ധേഹം വഹിച്ചിട്ടുള്ളതെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും മാരായമംഗലം മഹല്ല് പ്രസിഡന്റുമായ മരക്കാര്‍ മാരായമംഗലം പറഞ്ഞു.
ഈ പ്രദേശങ്ങളിലെ ആത്മീയ ചൈതന്യത്തില്‍ അദ്ധേഹത്തിന്റെ പങ്ക് എക്കാലവും സ്മരിക്കപ്പെടും. പതിറ്റാണ്ടുകളോളം മാരായമംഗലം പ്രദേശത്തോടും വ്യക്തിപരമായി തന്നോടുമുള്ള ബന്ധം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ധേഹത്തിന്റെ വിയോഗം വ്യക്തിപരമായി തീരാനഷ്ടമാണെന്നും മരക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."