തരൂരിനെതിരായ വാറന്‍ഡ് തടഞ്ഞു
കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിനെതിരായ അറസ്റ്റ് വാറന്‍ഡ് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു.
ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ഹിന്ദു പാകിസ്താനാക്കുമെന്ന് കേരളത്തില്‍ നടന്ന ഒരു പരിപാടിയില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ ബി.ജെ.പി അനുഭാവിയും അഭിഭാഷകനുമായ സുമീത് ചൗധരി കൊല്‍ക്കത്ത മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്ത് തരൂര്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരായ നടപടി കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തത്.
രാജ്യത്തെ അവഹേളിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശമെന്നും ഇത് വിവിധ മതസ്ഥരായ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ചായിരുന്നു അഭിഭാഷകന്‍ ഹരജി നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ തരൂരിനെ അറസ്റ്റ് ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശശി തരൂര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാകുമെന്നും പുതിയൊരു ഭരണഘടന അവര്‍ എഴുതിയുണ്ടാക്കുമെന്നും തരൂര്‍ പറഞ്ഞിരുന്നു. രാജ്യത്തെ സഹിഷ്ണുത ഉള്‍പ്പെടെയുള്ളവ ഇല്ലാതാകുമെന്നും ഇന്ത്യ ഒരു ഹിന്ദു പാകിസ്താനായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."