ഭൂരിപക്ഷ തീരുമാനത്തോട് വിയോജിപ്പ്; പ്രസിഡന്റ് യോഗം നിര്‍ത്തിവച്ച് ഇറങ്ങിപ്പോയി
നെല്ലായ: നെല്ലായ ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായത്തോട് യോജിക്കാതെ അധ്യക്ഷനായിരുന്ന പ്രസിഡന്റ് യോഗം നിര്‍ത്തിവച്ച് ഇറങ്ങിപ്പോയി. പഞ്ചായത്തില്‍ ഒന്‍പത് അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍നിന്നാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. രണ്ടാമത്തെ അജണ്ടയായ 2019-20 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ആദ്യപടിയായ വര്‍ക്കിങ് ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ചക്കായി പ്രസിഡന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍, നിലവിലുള്ള 2018-2019 ലെ വര്‍ക്കിങ് ഗ്രൂപ്പില്‍നിന്ന് ചില ഭേദഗതികള്‍ അംഗങ്ങള്‍ ഉന്നയിച്ചു. ഈ നിര്‍ദേശത്തെ യോഗത്തില്‍ പങ്കെടുത്ത 16 അംഗങ്ങളില്‍ 10 പേരും പിന്തുണച്ചു. ഇതിനെ തുടര്‍ന്നാണ് ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രസിഡന്റ് മറ്റു അജണ്ടകളിലേക്ക് കടക്കാതെ ഇറങ്ങിപ്പോയത്.
പ്രസിഡന്റിന്റെ നടപടിയില്‍ അംഗങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യത്തെ അട്ടിമറിക്കുകയും ഭരണസമിതി യോഗം അന്യായമായി നിര്‍ത്തിവക്കുകയും ചെയ്ത പ്രസിഡന്റിന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രസിഡന്റ് രാജിവെക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ജനാധിപത്യത്തെ വെല്ലുവിളിക്കുകയും അതുവഴി ഗ്രാമപഞ്ചായത്തിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രസിഡന്റിന്റെ നടപടി തിരുത്താന്‍ തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."