പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസത്തിന്
പാലക്കാട്: നഗരസഭയിലെ ബി.ജെ.പി ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനുമെതിരേ അവിശ്വാസം കൊണ്ടുവരാന്‍ യു.ഡി.എഫ് തീരുമാനം. അടുത്ത പ്രവൃത്തി ദിവസം നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയരക്ടര്‍ക്ക് അവിശ്വാസ പ്രമേയം നല്‍കും. 52 അംഗ കൗണ്‍സിലില്‍ 18 പേരുടെ പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം നല്‍കാനാവൂ.
നിലവില്‍ യു.ഡി.എഫിന് 18 അംഗങ്ങളുണ്ടെങ്കിലും ലീഗ് വിമതനായി മത്സരിച്ചു ജയിച്ച ഒരംഗത്തിന് നിലവില്‍ വോട്ടവകാശം ഇല്ല. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിന് ഒപ്പം നില്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ പിന്തുണയോടെയാവും അവിശ്വാസ പ്രമേയം നല്‍കുക.
നേരത്തേ നഗരസഭയിലെ ബി.ജെ.പി സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും കൈകോര്‍ത്തിരുന്നു. എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമിതി മാത്രമാണ് ബി.ജെ.പിക്ക് നിലനിര്‍ത്താനായത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എം പിന്തുണയോടെ സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയിലെയും ഭരണം അട്ടിമറിക്കാനാണ് യു.ഡി.എഫ് നീക്കം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വച്ചതിനെ ചൊല്ലി അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാരെ ചെയര്‍പേഴ്സണ്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് ശുചീകരണ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ബഹളത്തിലും സസ്പെന്‍ഷനിലും കലാശിച്ചത്.
ഇതിനു തുടര്‍ച്ചയായി യു.ഡി.എഫും എല്‍.ഡി.എഫും നഗരസഭയില്‍ സമരവും നടത്തി. കോണ്‍ഗ്രസ് അഗംങ്ങള്‍ക്ക് സസ്പെന്ഷന് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ തിടുക്കപ്പെട്ടുളള അവിശ്വാസ നീക്കം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനുമായി ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. ലീഗും ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അവിശ്വാസവുമായി മുന്നോട്ടു പോകാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."