മിസൈല്‍ പ്രതിരോധത്തിന് പുതിയ സംവിധാനവുമായി ഇറാന്
ടെഹ്റാന്: പ്രാദേശികമായി വികസിപ്പിച്ച മിസൈല്‍ പ്രതിരോധ സംവിധാനവുമായി ഇറാന്. മൊബൈല്‍ ബവാര്‍ 373 എന്ന പേരിലുള്ള പ്രതിരോധ സംവിധാനം റഷ്യയുടെ എസ് 300 സംവിധാനത്തോടു കിടപിടിക്കുമെന്നാണ് ഇറാന് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.
ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ഇറാന്റെ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. 300 കിലോമീറ്റര്‍ അകലെവരെയുള്ള മിസൈലുകളും വിമാനങ്ങളുമടക്കം കണ്ടെത്താന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനമെന്നാണ് അവകാശവാദം. ഇറാന്റെ ദേശീയ പ്രതിരോധ ദിനത്തിലാണ് പുതിയ സംവിധാനത്തിന്റെ പ്രകാശനം നടന്നത്. അമേരിക്കയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം തുടരുന്നതിനിടെ ഇറാന്റെ പുതിയ നീക്കം ശ്രദ്ധേയമാണ്.
സിറിയ: 'സേഫ് സോണ്‍' ഉറപ്പിച്ച് അമേരിക്കയും തുര്‍ക്കിയും
വാഷിങ്ടണ്‍: സിറിയയില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള ആദ്യ പടി കടന്ന് തുര്‍ക്കിയും അമേരിക്കയും. സിറിയയില്‍ സുരക്ഷിത മേഖല നിര്‍മിക്കുന്നതിനു തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകാറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പെറും തമ്മില്‍ ടെലിഫോണ്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സിറിയയില്‍ സൈന്യങ്ങള്‍ ഒന്നിച്ചു നടത്തുന്ന പട്രോളിങ്ങടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചയായത്. വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍ തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."