നിര്‍മാണ മേഖലയില്‍ മിനിമം വേതനം പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പാറ ഉടയ്ക്കല്‍, പാറ പൊട്ടിക്കല്‍, റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം,നദികളില്‍നിന്നു മണല്‍ വാരലും കയറ്റിറക്കും തുടങ്ങിയ നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കെട്ടിട നിര്‍മാണ മേഖലയിലെ എട്ടു മണിക്കൂര്‍ ജോലിയ്ക്ക് ഹൈലി സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് മിനിമം വേതനം 940 രൂപയാക്കി.
സ്‌കില്‍ഡ് 890 രൂപ, സെമി സ്‌കില്‍ഡ് 820 രൂപ, അണ്‍ സ്‌കില്‍ഡ് 770 രൂപ, ജെ.സി.ബി. ഹെല്‍പ്പര്‍, കടത്തുകാരന്‍ ഹെല്‍പ്പര്‍ തുടങ്ങിയവര്‍ക്ക് 730 രൂപ വീതവുമാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. റോഡ് നിര്‍മാണ മേഖലയില്‍ ഹൈലി സ്‌കില്‍ഡ് തൊഴിലാളിക്ക് എട്ടു മണിക്കൂര്‍ ജോലിക്ക് 940 രൂപ, സ്‌കില്‍ഡ് 890 രൂപ, സെമി സ്‌കില്‍ഡ് 820 രൂപ, റാക്ക് പിടിക്കല്‍, വീല്‍ പിടിക്കല്‍, റോളര്‍ എന്നീ ജോലികള്‍ക്ക് 770 രൂപ, മറ്റ് അവിദഗ്ധ ജോലികള്‍ക്ക് 730 രൂപ എന്നിങ്ങനെയും മിനിമം വേതനം പുതുക്കി. പാറപൊട്ടിക്കല്‍, കരിങ്കല്ലുടയ്ക്കല്‍ മേഖലയില്‍ എട്ടു മണിക്കൂര്‍ ജോലിയ്ക്ക് ചുവടെ പറയും പ്രകാരമാണ് മിനിമം വേതനം പുതുക്കിയത്. ക്രഷര്‍ ഓപ്പറേറ്റര്‍ 940 രൂപ, ജാക്ക് ഹാമര്‍ ഓപ്പറേറ്റര്‍ 890 രൂപ, പാറ പൊട്ടിക്കല്‍, കരിങ്കല്ലുടയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു ലോറിയിലേക്കോ മറ്റു വാഹനങ്ങളിലേക്കോ വാഹനങ്ങളില്‍നിന്നോ അല്ലാതെയോ ഉള്ള കയറ്റിറക്ക്, കയറ്റിറക്ക് സഹായ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് 770 രൂപ.
പാറ വെടിവച്ചു പൊട്ടിക്കുന്നതിനും പാറ തുളയ്ക്കുന്നതിനും ഓരോ 30.5 സെന്റിമീറ്റര്‍ ദ്വാരത്തിനും 145 രൂപ (ആറു ദ്വാരങ്ങള്‍), പാറ ചുറ്റിക ഉപയോഗിച്ചു പൊട്ടിക്കുന്നതിന് ഓരോ 28.3 ക്യുബിക് ഡെസിമീറ്റര്‍ പാറ കഷണത്തിനും 415 രൂപ (2.25 എണ്ണം നിര്‍ദിഷ്ട കഷണങ്ങള്‍), കടുപ്പമുള്ള പാറ വലിയ കനമുള്ള ചുറ്റിക ഉപയോഗിച്ചു പൊട്ടിക്കുന്നതിന് ഓരോ 28 ക്യുബിക് പാറ ഡെസിമീറ്റര്‍ കഷണത്തിനും 447 രൂപ (2.25 എണ്ണം നിര്‍ദിഷ്ട കഷണങ്ങള്‍). പുഴ മണല്‍ ശേഖരണത്തിന് 1080 രൂപ (അഞ്ചു ടണ്‍), മണല്‍ വാഹനത്തില്‍ കയറ്റുന്നതിന് 1010 രൂപ(അഞ്ചു ടണ്‍), മണല്‍ വാഹനം,വഞ്ചി, തോണി എന്നിവയില്‍നിന്നിറക്കി 50 മീറ്റര്‍ ദൂരം വരെ വഹിച്ചുകൊണ്ടുപോകുന്നതിന് 1010 രൂപ(അഞ്ചു ടണ്‍) മണല്‍ വാഹനത്തില്‍നിന്നും വഞ്ചിയില്‍നിന്നും തോണിയില്‍നിന്നും നേരിട്ട് ഇറക്കുന്നതിന് 1010 രൂപ (10 ടണ്‍) എന്നിങ്ങനെയും മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി.
അടിസ്ഥാന വേതനത്തിനു പുറമേ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഓരോ ജില്ലാ കേന്ദ്രത്തിനും വേണ്ടി പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ 300 പോയിന്റിനു മുകളില്‍ വരുന്ന ഓരോ പോയിന്റിനും ദിവസ വേതനക്കാര്‍ക്ക് ഒരു രൂപ നിരക്കിലും മാസ ശമ്പളക്കാര്‍ക്ക് 26 രൂപ നിരക്കിലും ക്ഷാമ ബത്ത നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."