ക്രൂര പീഡനത്തിനു ശേഷം അവള്‍ ആശുപത്രിയിലെത്തി അക്രമികള്‍ കൊന്ന കുഞ്ഞിനേയും കൊണ്ട്
ഗുരുഗ്രാം: പീഡനത്തിന്റെ മണിക്കൂറുകള്‍ നല്‍കിയ നോവും അപമാനവും ഈര്‍ഷ്യയുമെല്ലാം കടിച്ചമര്‍ത്തി അനക്കമറ്റ തന്റെ പൈതലിനേയും മാറോട് ചേര്‍ത്ത് അവള്‍ ആശുപത്രിയിലെത്തി. തന്നോട് ചേര്‍ന്നുറങ്ങുന്ന തന്റെ ജീവന്റെ പാതിയില്‍ ഒരു നേരിയ തുടിപ്പെങ്കിലും ബാക്കിയുണ്ടാവുമെന്ന പ്രതീക്ഷയോടെ.
ഇത് പേരറിയാത്ത ആ 23കാരി. മെയ് 29ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ സഹയാത്രികരരും ഡ്രൈവറും ചേര്‍ന്ന കാപാലിക സംഘത്തിന്റെ ക്രൂര പീഡനത്തിനിടയായവള്‍. അതിലേറെ ആ പിശാചുക്കള്‍ എറിഞ്ഞു കൊന്ന ഒമ്പതുമാസക്കാരിയുടെ അമ്മ. ഇന്ത്യയുടെ തെരുവോരങ്ങളില്‍ ദിനംപ്രതി പിച്ചിക്കീറപ്പെടുന്ന ആയിരങ്ങളില്‍ ഒരുവള്‍.
ക്രൂരമായ ബലാത്സംഗത്തിന് ഇരയാവുമ്പോഴും അവളുടെ അമ്മ മനസ്സ് നിറച്ചും വലിച്ചെറിയപ്പെട്ട തന്റെ ഓമനയെ കുറിച്ച വേവലാതിയായിരിക്കണം. അതുകൊണ്ടാണ് അവള്‍ സകല വേദനയും കടിച്ചമര്‍ത്തി ആ റോഡരികില്‍ നിന്നെഴുന്നേറ്റ് വലിച്ചെറിയപ്പെട്ട മകളെ തേടിപ്പോയത്. മനോഹരമായ കിനാവുകള്‍ കണ്ട് ഗാഢനിദ്രയിലെന്ന പോലെ നടുറോഡില്‍ കിടക്കുകയായിരുന്നു അവള്‍. കുഞ്ഞിനേയും വാരിയെടുത്ത് അവള്‍ ആദ്യം പോയത് അടുത്തുള്ള ആശുപത്രിയിലേക്കായിരുന്നു. കുഞ്ഞ് മരിച്ചു പോയെന്ന് ഡോക്ടര്‍മാര്‍ അവളോട് തറപ്പിച്ചു പറഞ്ഞു. അത് വിശ്വസിക്കാനാവില്ലായിരുന്നു ആ അമ്മക്ക്. ഇത്തിരി മുമ്പ് റിക്ഷാവണ്ടിയിലിരുന്ന് തന്റെ കവിളുകള്‍ തലോടിയതാണ് ആ കുഞ്ഞുകൈകള്‍. തന്നെ നോക്കി കുസൃതിച്ചിരി ചിരിച്ചതാണവള്‍...പിന്നെങ്ങിനെ..അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് തെറ്റു പറ്റിയതാണെന്ന വിശ്വാസത്തില്‍ ആ 23കാരി മെട്രോ കയറി. ഡല്‍ഹിയിലേക്ക്. അവിടുത്തെ ഡോക്ടര്‍മാരും പറഞ്ഞു. ഇനി അമ്മയെ നോക്കി കുസൃതി കാണിക്കാന്‍ ആ കുഞ്ഞു പൈതല്‍ തിരിച്ചു വരില്ലെന്ന്..
അവള്‍ തിരിച്ചിറങ്ങി. ഗുരുഗ്രാമിലേക്ക് അവിടെ അവളെ കാത്ത് അവളുടെ ഭര്‍ത്താവുണ്ടായിരുന്നു. പൊലിസിനൊപ്പം. അവരവളെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി.
ഭര്‍ത്താവുമായി വഴക്കിട്ട് കെക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കിറങ്ങിയതായിരുന്നു അവള്‍. ആദ്യം ട്രക്കിലാണ് കയറിയത്. ട്രക്ക് ഡ്രൈവര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വഴിലിറങ്ങുകയായിരുന്നു. പിന്നീട് ഓട്ടോ കിട്ടി. ഡ്രൈവറെ കൂടാതെ രണ്ടു യാത്രക്കാരുമുണ്ടായിരുന്നു അതില്‍. നാലുമണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ച ശേഷം അവളെ റോഡരികില്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ മെയ് 29നാണ് സംഭവമുണ്ടായതെങ്കിലും തിങ്കളാഴ്ചയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. കുട്ടി മരിച്ചതിന്റെ ആഘാതമാണ് പരാതി നല്‍കാന്‍ വൈകിയത്. സംഭവത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.
ഇവര്‍ക്കായി പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെന്നു സംശയിക്കുന്നവരുടെ രേഖാചിത്രവും പൊലിസ് പുറത്തു വിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."