അതിജീവനത്തിന്റെ പേരാണ് വിനയചന്ദ്രന്‍
എടക്കര (മലപ്പുറം): ദുരന്തസ്മരണയില്‍നിന്ന് നന്ദുവെന്ന വിനയചന്ദ്രന്‍ വീണ്ടും അക്ഷരമുറ്റത്തേക്ക്. കവളപ്പാറ ദുരന്തത്തില്‍ പിതാവും സഹോദരിയും നഷ്ടപ്പെട്ട വേദനയില്‍നിന്ന് അല്‍പം മുക്തനായ വിനയചന്ദ്രന്‍ ഇന്നലെ ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലെത്തി.
ഏഴ് ബിയിലെ തന്റെ ഉറ്റ സ്‌നേഹിതരായ ജിബിന്‍, നന്ദകുമാര്‍, റുവൈസ് തുടങ്ങിയ കൂട്ടുകാരുമായി സൗഹൃദം പങ്കുവച്ചു. കളിയും ചിരിയുമായി അവര്‍ക്കൊപ്പം ചേര്‍ന്ന് അവരിലെരാളായി മാറി. കൂട്ടുകാരന്‍ സ്‌കൂളിലെത്തിയ സന്തോഷത്തിലാണ് മറ്റു വിദ്യാര്‍ഥികളും.
ദുരന്തസമയത്ത് വിനയചന്ദ്രന്‍ മാതാവ് സൗമ്യക്കൊപ്പം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സമയം കവളപ്പാറയിലെ വീട്ടിലുണ്ടായിരുന്ന പിതാവ് വിജേഷ്, സഹോദരി വിഷ്ണുപ്രിയ എന്നിവരും ബന്ധുക്കളായ മറ്റ് ആറു പേരും ദുരന്തത്തില്‍ മരണപ്പെടുകയും ചെയ്തു.
ദുരന്തത്തിനു ശേഷം ഭൂദാനം ക്യാംപിലേക്ക് മാറ്റപ്പെട്ട വിനയചന്ദ്രന്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ക്യാംപിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിനെത്തുടര്‍ന്ന് കുട്ടി ഉന്‍മേഷവാനായിത്തീര്‍ന്നു. തുടര്‍ന്നാണ് ഇന്നലെ സ്‌കൂളിലേക്ക് എത്തിയത്.
ബുധനാഴ്ച ഞെട്ടിക്കുളം എ.യു.പി സ്‌കൂളില്‍ മാതാവ് സൗമ്യയുമൊത്ത് വിനയചന്ദ്രന്‍ പട്ടികവര്‍ഗ ഗ്രാന്റ് വാങ്ങാന്‍ എത്തിയിരുന്നു. വികാരഭരിതമായ രംഗങ്ങളാണ് ബുധനാഴ്ച സ്‌കൂളിലുണ്ടായത്. അന്ന് വിനയചന്ദ്രന്‍ ക്ലാസില്‍ പോയില്ല. പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടപ്പെട്ട വിനയചന്ദ്രന് ആവശ്യമായ നോട്ടുകള്‍ സഹപാഠികളാണ് എഴുതി നല്‍കിയതെന്ന് ക്ലാസ് ടീച്ചര്‍ സുബൈര്‍ പറഞ്ഞു. വ്യാഴാഴ്ച പുത്തനുടുപ്പും പുതിയ ബാഗുമായി ക്ലാസിലെത്തിയ വിനയചന്ദ്രന്‍ ആഹ്‌ളാദവാനായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."