പ്രവാസ ലോകത്തും ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
ഉബൈദുല്ല റഹ്മാനി
മനാമ: വിജയദശമി ദിനത്തില്‍ പ്രവാസ ലോകത്തും നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു. ഗള്‍ഫില്‍ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തില്‍ നടന്ന ഹരിശ്രീ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മലയാളത്തിലെ പ്രമുഖര്‍ എത്തിയിരുന്നു.
ഇത്തവണ വാരാന്ത്യ അവധി ദിനത്തിലാണ് വിജയദശമി എന്നതിനാല്‍ നിരവധി പ്രവാസി കുരുന്നുകളാണ് രക്ഷിതാക്കളോടൊപ്പം ആദ്യാക്ഷരം നുകരാന്‍ വിവിധ കേന്ദ്രങ്ങളിലും ആരാധാനാലയങ്ങളിലും എത്തിയത്.
ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ നൂറൂകണക്കിന് കുട്ടികള്‍ ഹരിശ്രീ ചടങ്ങുകളില്‍ പങ്കടുത്തു. ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ മാത്രം 70 ഓളം കുട്ടികള്‍ ആദ്യാക്ഷരം നുകര്‍ന്നു. ഇവിടെ ഹരിശ്രീ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയത് പ്രശസ്ത കവിയും എഴുത്തു കാരനുമായ പ്രൊഫ. മധുസൂദനന്‍ നായരാണ്.
കൂടാതെ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷനില്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയില്‍ കെ.ജയകുമാര്‍, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി കാനൂഗാര്‍ഡന്‍ ബഹ്‌റൈനില്‍ ശശികുമാര്‍ വര്‍മ്മ എന്നിവരും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സംഘടനകള്‍ക്കു പുറമെ ബഹ്‌റൈനിലെ പ്രധാന ക്ഷേത്രങ്ങളായ അറാദ് അയ്യപ്പക്ഷേത്രം, കാനൂഗാര്‍ഡന്‍ ശ്രീകൃഷ്ണക്ഷേത്രം, കാനൂഗാര്‍ഡന്‍ അയ്യപ്പ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിലും നിരവധി പേര്‍ ആദ്യാക്ഷരം കുറിക്കാനെത്തിയിരുന്നു.
പുലര്‍ച്ചെ അഞ്ചു മണിയോടെ ആരംഭിച്ച ഹരിശ്രീ ചടങ്ങുകള്‍ കഴിഞ്ഞ് വൈകുന്നേരവും രാത്രിയും പാര്‍ക്കുകളും മറ്റു ഉല്ലാസ കേന്ദ്രങ്ങളും സജീവമാക്കാനും നിരവധി പേര്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."