ശബരിമല: സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കുന്നെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എത്രയും പെട്ടെന്നു തെറ്റുതിരുത്തി സൗഹാര്‍ദാന്തരീക്ഷം പുനഃസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോഴിക്കോട്ട് ജനതാദള്‍ നേതൃക്യാംപ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതു നാടകമാണ്. ബി.ജെ.പിക്കും സംഘ്പരിവാറിനും അവരുടെ വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ശബരിമല ഇന്ത്യക്കുതന്നെ മാതൃകയായ മതസാഹോദര്യത്തിന്റെ പ്രതീകമാണ്. അവിടെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമം അപലപനീയമാണെന്നും അവിടെയെത്തുന്ന വിശ്വാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ പറയാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അവിടെ പറയണം. ഇപ്പോഴുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സര്‍ക്കാര്‍തന്നെയാണ്.
യു.ഡി.എഫ് ഭരണകാലത്തു കോടതി വിധി നടപ്പാക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യമുണ്ടായിട്ടുണ്ട്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അത്തരം ഘട്ടങ്ങളില്‍ കേരളാ നിയമസഭ നിയമനിര്‍മാണം നടത്തിയാണ് മുന്നോട്ടുപോയതെന്നു വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, ജനതാദളില്‍നിന്നു ചില നേതാക്കള്‍ പോയെങ്കിലും അതിലെ അണികള്‍ ഭൂരിഭാഗവും ഇപ്പോഴും യു.ഡി എഫിനൊപ്പമാണെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."