വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന് കെ. സുരേന്ദ്രന്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. വിഷയത്തില്‍ വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത്. ദേവസ്വം മന്ത്രിയും പൊലിസും അറിഞ്ഞു കളിക്കുന്ന നാടകമാണ് നടന്നത്. സര്‍ക്കാരിലെ ഉന്നതരുമായി സംസാരിച്ചാണ് ആ സ്ത്രീകള്‍ മലകയറിയത്. പൊലിസിന്റെ ഷീല്‍ഡോ വസ്ത്രമോ ആര്‍ക്കും കൈമാറാന്‍ പാടില്ല. ഒരു ഡി.ജി.പിക്ക് അതറിയില്ലെന്നു പറയുന്നതു ശരിയാണോയെന്നു ചോദിച്ച സുരേന്ദ്രന്‍, ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് വേഷങ്ങള്‍ നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രതിഷേധമാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് അവകാശപ്പെട്ട അദ്ദേഹം എന്നാല്‍ സര്‍ക്കാര്‍ അതിനു അനുവദിക്കുന്നില്ലെന്നും ആരോപിച്ചു. റിവ്യൂ ഹരജി നല്‍കുന്നതിനു മുന്‍പു ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സി.പി.എം രാഷ്ട്രീയം കളിച്ചാല്‍ തങ്ങളുടെ ഭാഗത്തുനിന്നും ആ രീതിയിലുള്ള സമീപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുറിവില്‍ മുളകുതേക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മാധ്യമങ്ങള്‍ സംയമനം പാലിക്കണം. പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് മര്‍ദനമേറ്റത്. എന്തിനാണ് ഹൈദരാബാദില്‍നിന്നു മറ്റും മാധ്യമപ്രവര്‍ത്തകരെ എത്തിച്ചതെന്നും ഇവിടെയുള്ള വനിതാ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് ശബരിമലയില്‍ കയറാത്തതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."