ശബരിമല: സമാധാനം തകര്‍ക്കാനുള്ളതല്ല വിശ്വാസം
ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി മതവിശ്വാസങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ ബഹുഭൂരിപക്ഷം വരുന്ന ഒരു സമൂഹത്തില്‍ ചലനങ്ങളും പ്രതിഷേധങ്ങളും സൃഷ്ടിക്കുന്നതു സ്വാഭാവികമാണ്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കു ജനാധിപത്യവ്യവസ്ഥയില്‍ മാന്യമായ ഇടമുണ്ട്. എന്നാല്‍, ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ജനാധിപത്യപരമായ സമരമുറകളുടെ പരിധി ലംഘിച്ചു വലിയ ക്രമസമാധാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ അരങ്ങേറിയ അക്രമങ്ങളിപ്പോള്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്.
അയ്യപ്പഭക്തരുടെ പ്രതിഷേധസ്വരം ഉയര്‍ന്നയുടന്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ ബി.ജെ.പിയും മറ്റു സംഘ്പരിവാര്‍ സംഘടനകളും അതിലിടപെട്ടു ഹിന്ദുവികാരം ആളിക്കത്തിക്കുകയും ഈ ഇടപെടല്‍ തങ്ങളുടെ വോട്ട്ബാങ്കില്‍ ചോര്‍ച്ച സൃഷ്ടിക്കുമോയെന്ന ഭയത്താല്‍ മറ്റു ചില കക്ഷികള്‍ പിറകെ ചാടിയിറങ്ങുകയും ചെയ്തതോടെയാണു പ്രശ്‌നം വഷളായത്. കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ഒരുവശത്തും പ്രതിഷേധം മറുവശത്തുമായി ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലാണു സംസ്ഥാന സര്‍ക്കാര്‍. തികച്ചും കലുഷിതവും സങ്കീര്‍ണവുമായ സാമൂഹ്യാന്തരീക്ഷത്തില്‍ കടുത്തഭീതിയിലാണു സമാധാനകാംക്ഷികളായ സാധാരണക്കാര്‍.
വര്‍ഗീയധ്രുവീകരണമുണ്ടാക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു കൊയ്യുകയെന്ന ലക്ഷ്യത്തോടെ തികഞ്ഞ രാഷ്ട്രീയകാപട്യവുമായി രംഗത്തിറങ്ങിയ സംഘ്പരിവാര്‍ സംഘടനകളാണ് ഈ അവസ്ഥയ്ക്ക് ഒന്നാമത്തെ ഉത്തരവാദികള്‍. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയുമൊക്കെ ദേശീയ നേതാക്കള്‍ കോടതിവിധിയെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെയാണു സംഘ്പരിവാര്‍ ഇവിടെ ശബരിമല സന്നിധാനപരിസരമെന്ന വിശുദ്ധയിടങ്ങളിലും തെരുവുകളിലുമൊക്കെ കോടതിവിധിക്കെതിരേ മുദ്രാവാക്യം മുഴക്കിക്കൊണ്ടു കലാപമഴിച്ചുവിടുന്നത്. കോടതിവിധിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചെന്നും പുനഃപരിശോധനാ ഹരജി നല്‍കുന്നില്ലെന്നുമൊക്കെ പറഞ്ഞു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇക്കൂട്ടര്‍, ഈ കേസ് 12 വര്‍ഷക്കാലം കോടതിയുടെ പരിഗണനയിലുണ്ടായിട്ടും കക്ഷിചേര്‍ന്നിട്ടില്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്.
പുനഃപരിശോധനാ ഹരജി ആര്‍ക്കും നല്‍കാം. ബി.ജെ.പിക്കും അതാവാം. അല്ലെങ്കില്‍ അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് അതിനോ നിയമനിര്‍മാണത്തിനോ ആവശ്യപ്പെടാം. എന്‍.എസ്.എസിന്റേതും പന്തളം രാജകുടുംബത്തിന്റേതുമടക്കം ചില പുനഃപരിശോധനാ ഹരജികള്‍ സുപ്രിംകോടതിക്കു മുന്നിലുണ്ട്. അതിന്റെ തീര്‍പ്പിനായി കാത്തിരിക്കാം. അതൊന്നും ചെയ്യാതെ സംഘര്‍ഷം സൃഷ്ടിച്ചു രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയാണു സംഘ്പരിവാര്‍. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനപരമായ പ്രസ്താവനകളും വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന മറ്റൊരു ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവനയും ഇതിനു വ്യക്തമായ തെളിവാണ്.
പ്രതിഷേധം ബി.ജെ.പി മുതലെടുക്കുമെന്ന ഭയപ്പാടില്‍ പ്രതിഷേധിക്കാനിറങ്ങിയ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും പ്രശ്‌നം വഷളാക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. വിശ്വാസികളായ അണികളെ പ്രതിഷേധിക്കാന്‍ അവര്‍ അനുവദിക്കുന്നതില്‍ തെറ്റു പറയാനാവില്ല. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ തന്നെ സമരരംഗത്തിറങ്ങി സംഘ്പരിവാര്‍ നേതാക്കളുമായി തോളോടു തോള്‍ ചേര്‍ന്നത് സംഘ്പരിവാര്‍ കൊളുത്തിയ വര്‍ഗീയാഗ്നി പടരുന്നതിനു വേഗത കൂട്ടിയിട്ടുണ്ട്. വിധിയുടെ ബലത്തില്‍ അവകാശസ്ഥാപനത്തിനെന്ന പേരില്‍ അനാവശ്യ തിടുക്കം കാട്ടിയ ആക്ടിവിസ്റ്റുകളെന്നു വിളിക്കപ്പെടുന്ന ചില സ്ത്രീപക്ഷവാദികളായ സ്ത്രീകളും എരിതീയില്‍ എണ്ണ പകര്‍ന്നു. ഭക്തിയിലുപരി പ്രകോപനമെന്ന ലക്ഷ്യത്തോടെ മല കയറാനെത്തിയ ചുരുക്കം ചില സ്ത്രീകളില്‍ രണ്ടുപേര്‍ പ്രഖ്യാപിത നാസ്തികരാണെന്ന വസ്തുത ചൂണ്ടിക്കാട്ടി വിഷയത്തിനു പുതിയൊരു മാനം കൂടി നല്‍കാന്‍ സംഘ്പരിവാറിനെ സഹായിക്കുകയാണു ഫലത്തില്‍ അവര്‍ ചെയ്തത്.
കോടതി വിധി വേണ്ടത്ര അവധാനതയില്ലാതെ കൈകാര്യം ചെയ്ത സംസ്ഥാന സര്‍ക്കാരിനും പിശകു പറ്റി. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നുവെന്ന പ്രതീതി തുടക്കത്തില്‍ത്തന്നെ സൃഷ്ടിച്ചതു രാഷ്ട്രീയശത്രുക്കള്‍ നന്നായി മുതലെടുത്തു. അതിനുശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും അതു പരാജയപ്പെടാന്‍ ഈ സമീപനമാണു കാരണമായത്. തുടക്കത്തില്‍ തന്നെ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുകയും കോടതിവിധി നടപ്പാക്കാന്‍ ഇത്തിരി സാവകാശം വേണമെന്നു പറയുകയും പുനഃപരിശോധനാ ഹരജി നല്‍കാനുദ്ദേശിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഇത്ര വഷളാകുമായിരുന്നില്ല. പുനഃപരിശോധനാ ഹരജയില്‍ തീര്‍പ്പുണ്ടാകരുന്നതുവരെ ക്ഷമിക്കാന്‍ ഇടതുപക്ഷത്തോടു ചേര്‍ന്നുനില്‍ക്കുന്ന സ്ത്രീപക്ഷവാദികളോട് അഭ്യര്‍ഥിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ അവരും സംയമനം പാലിക്കുമായിരുന്നു. ഇങ്ങനെ പലതരം കാരണങ്ങളാണ് ഈ വിഷയം ഇത്ര വഷളായത്.
ഇനിയും ഈ അക്രമങ്ങള്‍ തുടര്‍ന്നുകൂടാ. എന്തു വിശ്വാസത്തിന്റെ പേരിലായാലും സ്ത്രീകളെ വഴിയിലിട്ടു തെറിപറയുകയും ആക്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം അതിക്രമങ്ങള്‍ ലോകത്തെ ഒരു മതവിശ്വാസവും അനുവദിക്കുന്നില്ലെന്നത് പ്രതിഷേധിക്കുന്നവര്‍ ശരിയായ അയ്യപ്പഭക്തരാണെങ്കില്‍ ഓര്‍ക്കണം. നാട്ടിലെ സമാധാനം തകര്‍ക്കാനുള്ളതല്ല വിശ്വാസം. ഇതു തിരിച്ചറിഞ്ഞ് അക്രമാസക്ത സമരത്തില്‍നിന്ന് അവര്‍ പിന്തിരിയണം. സാധ്യമായ തരത്തിലെല്ലാമുള്ള ചര്‍ച്ചകള്‍ക്കും സമവായത്തിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പുനഃപരിശോധനാ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ സംയമനം പാലിക്കാന്‍ ആക്ടിവിസ്റ്റുകളും തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."