അസ്ഹരി തങ്ങള്‍: വൈജ്ഞാനിക ലോകത്തിന്റെ കാവലാള്‍
മതവൈജ്ഞാനിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയ മഹാപണ്ഡിതപ്രതിഭയായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദ്രൂസി അല്‍ അസ്ഹരി. സ്വജീവിതത്തില്‍ ഇസ്‌ലാമികാധ്യായനങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും വലിയ സ്ഥാനം നല്‍കുകയും അതിനായി ആയുസ് മുഴുവന്‍ നീക്കിവയ്ക്കുകയും ചെയ്ത അദ്ദേഹത്തിലൂടെ ജ്ഞാനമധു നുകര്‍ന്നവര്‍ കേരളക്കരയിലും വിശിഷ്യ അറബ് ലോകത്തും നിരവധിയാണ്.
ദേഹവിയോഗത്തിന്റെ മൂന്നാണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍ അസ്ഹരി തങ്ങള്‍ എന്ന പാണ്ഡിത്യത്തിനു ഉടമയെയും വാത്സല്യനിധിയായ പിതാവിനെയും കുറിച്ചു സ്മരിക്കുമ്പോള്‍ ഒട്ടനവധി കാര്യങ്ങള്‍ അയവിറക്കാനുണ്ട്.
മറ്റു മക്കളില്‍നിന്ന് ഉപ്പയെ കൂടുതല്‍ നേരിട്ട് അറിയാനും അടുത്തിടപഴകാനും എനിക്കായിട്ടുണ്ട്. കാരണം, വിദേശത്തെ അധ്യാപനം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ സമയത്താണ് എന്റെ ചെറുപ്പകാലം. അതുകൊണ്ടുതന്നെ, സ്‌നേഹത്തോടെയുള്ള ഇടപെടലുകളും ലാളനയും ഏറെ അനുഭവിക്കാനായിട്ടുണ്ട്. മാത്രമല്ല, വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ഉപ്പയെ പരിചരിക്കാനും സേവനം ചെയ്യാനും സാധിച്ചിട്ടുണ്ട്.
അപ്പോഴെല്ലാം സ്വന്തം പിതാവ് എന്നതിലുപരി പണ്ഡിതനും ജ്ഞാനിയുമായ മഹാവ്യക്തിത്വത്തിനുടമയായിട്ടായിരുന്നു അനുഭവവേദ്യമായിരുന്നത്. കാരണം,സംശയ നിവാരണങ്ങളും പണ്ഡിതചര്‍ച്ചകളും വീട്ടില്‍ നിത്യക്കാഴ്ചയായിരുന്നു. കൂടാതെ, മഹോന്നതവ്യക്തിത്വങ്ങളുമായുള്ള സഹവാസവും ഏറെ അനുഭവിച്ചിട്ടുണ്ട്. പലപ്പോഴും അവരില്‍ നിന്നൊക്കെ അസ്ഹരി തങ്ങളുടെ മകനെന്ന വലിയ അംഗീകാരവും പരിഗണനയും എനിക്കു ലഭിച്ചിരുന്നു.
പിതാവിന്റെ വൈജ്ഞാനിക ഇടപെടലുകള്‍ അനിര്‍വചനീയമാണ്. ജീവിതത്തിന്റെ വലിയൊരു ഭാഗംതന്നെ അറിവ് അഭ്യസിക്കുന്നതിലായിരുന്നു ചെലവഴിച്ചത്. പള്ളി ദര്‍സുകളിലെ പ്രാഥമികപഠനശേഷം വെല്ലൂര്‍ ബാഖിയാത്തിലും ദയൂബന്ത് ദാറുല്‍ ഉലൂമിലും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലും കെയ്‌റോ യൂനിവേഴ്‌സിറ്റിയിലുമായി നിരവധി കാലം വിജ്ഞാനം നുകരുന്നതിനു മാത്രമായിരുന്നു ശ്രദ്ധ പതിച്ചത്. അത്രത്തോളം ദീനീ വിജ്ഞാനം കരസ്ഥമാക്കുന്നതിനുവേണ്ടി സ്വജീവിതത്തില്‍ വളരെ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. പഠനശേഷം അധ്യാപനരംഗത്ത് പല ഉയര്‍ന്നസ്ഥാനങ്ങളിലും ഉന്നത സര്‍വകലാശാലകളിലും വിദേശ അധ്യാപനത്തിനുശേഷം പട്ടിക്കാട് ജാമിഅ നൂരിയ പോലുള്ള മഹോന്നത കലാലയങ്ങളിലും അദ്ദേഹം സേവനം ചെയ്തു. നിരവധി മൂല്യവത്തായ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് അസ്ഹരി തങ്ങള്‍.
പരന്ന വായന പിതാവിന്റെ ശീലമായിരുന്നു. അതിനായി വീട്ടില്‍ വിശാലമായ ഒരു ഗ്രന്ഥശേഖരം തന്നെ പിതാവിനുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കിതാബുകളെയായിരുന്നു പിതാവ് കൂടെ കൂട്ടിയിരുന്നത്. അത്രത്തോളം വായനയെയും കിതാബുകളെയും സ്‌നേഹിച്ചിരുന്നു.
ഒഴിവ് ലഭിക്കുന്ന സമയത്തെല്ലാം ഗ്രന്ഥപാരായണത്തിനായിരുന്നു പിതാവ് സമയം കണ്ടെത്തിയിരുന്നത്. വളരെ സൂക്ഷ്മതയോടെയും ബഹുമാനത്തോടെയും ആയിരുന്നു തന്റെ ഗ്രന്ഥശേഖരത്തെ സമീപിച്ചിരുന്നത്. അതിന്റെ പരിപാലനത്തിനും ക്രമീകരണത്തിലും പ്രത്യേകം ശ്രദ്ധ ഉണ്ടായിരുന്നു. ജീവിതകാലത്തുതന്നെ പല ഗ്രന്ഥങ്ങളും ചോദിച്ചു വരുന്നവര്‍ക്കു റഫര്‍ ചെയ്യാന്‍ പിതാവ് സൗകര്യം ചെയ്തു കൊടുക്കാറുണ്ടായിരുന്നു. തന്റെ കാലശേഷം ഈ കിത്താബുകള്‍ അന്യാധീനപ്പെട്ടു പോകാതിരിക്കാനും വായിക്കപ്പെടാനും പിതാവ് അത്യധികം ആഗ്രഹിച്ചിരുന്നു.
പിതാവിന്റെ ഈ ആഗ്രഹസഫലീകരണത്തിനായി പണ്ഡിതന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ ഒരു കുതുബ് ഖാന പിതാവിന്റെ ചാരത്തുതന്നെ സംവിധാനിച്ചിരിക്കുകയാണ്. പ്രസ്തുത കുതുബ് ഖാനയുടെ ഉദ്ഘാടനത്തിനും മൂന്നാം ഉറൂസിനും ഇന്ന് അസ്ഹരി തങ്ങള്‍ മഖാം സാക്ഷിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."