തൊഴിലുറപ്പ് പദ്ധതി: മികച്ച ഗ്രാമപഞ്ചായത്തിനുള്ള ദേശീയ അംഗീകാരം വീയപുരത്തിന്
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തന മികവ് കാഴ്ച വച്ച രാജ്യത്തെ 12 പഞ്ചായത്തുകളിലൊന്നായി വീയപുരം പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലുറപ്പ് പദ്ധതി പുരോഗതി അവലോകനം ചെയ്യുന്ന മാനദണ്ഡങ്ങള്‍ പ്രകാരം പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം വീയപുരത്തെ തേടിയെത്തിയത്. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാതൃകയാണ് വീയപുരം പഞ്ചായത്ത് സൃഷ്ടിച്ചതെന്ന് വേണുഗോപാല്‍ പറഞ്ഞു.
2882 തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1288 തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 1123 സജീവ തൊഴിലാളികള്‍ക്കായി 15730 തൊഴില്‍ ദിനങ്ങളാണ് പദ്ധതി പ്രകാരം ലഭ്യമാക്കിയത്. ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ ഓരോ കുടുംബത്തിനും ശരാശരി തൊഴില്‍ ദിനം ലഭ്യമാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. പദ്ധതിയ്ക്ക് കീഴില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 14 ദിവസത്തിനുള്ളില്‍ തന്നെ എം ബുക്ക് തയാറാക്കി ഫണ്ട് ട്രാന്‍സഫര്‍ ഓര്‍ഡര്‍ നല്‍കാന്‍ കഴിഞ്ഞു.
നാലായിരം വൃക്ഷത്തൈകള്‍ പദ്ധതി പ്രകാരം പഞ്ചായത്തില്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിനൊപ്പം 120 ഹെക്ടര്‍ പാടശേഖരം കൃഷിക്കുപയുക്തമാക്കാനും കഴിഞ്ഞു. ഗൃഹനിര്‍മാണം, വെള്ളക്കെട്ട് ഒഴിവാക്കല്‍, അലങ്കാര മത്സ്യകൃഷി, അടുക്കള തോട്ട നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നടപ്പാക്കിയത്. ജൂലൈ 19ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്. പത്രസമ്മേളനത്തില്‍ വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസാദ് കുമാര്‍, വൈസ് പ്രസിഡന്റ് ശാന്താ ബാലന്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍, സന്തോഷ് മാത്യു, സി. സൈരന്ത്രി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."