ഹാദിയ കേസ് എന്‍.ഐ.എ അവസാനിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇസ്‌ലാംമതം സ്വീകരിച്ച വൈക്കം സ്വദേശിനി ഡോ. ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അവസാനിപ്പിക്കുന്നു. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനു തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അസാനിപ്പിക്കുന്നതെന്ന് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷെഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദ് ഇല്ല. അതിനു പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല. വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളില്‍ തീവ്രവാദ ബന്ധങ്ങളില്ലെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ നിയമരുദ്ധമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ചു സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി.
കേരളത്തില്‍ അടുത്തിടെ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 89 മതംമാറ്റങ്ങളില്‍ ലൗ ജിഹാദ് ആരോപണമുയര്‍ന്ന പതിനൊന്നെണ്ണമാണ് എന്‍.ഐ.എ അന്വേഷിച്ചത്. എന്നാല്‍, ഈ മതംമാറ്റങ്ങളിലൊന്നും ഗൂഢാലോചനയോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല. ചില പ്രത്യേക കൂട്ടായ്മകള്‍ വഴിയാണ് മതപരിവര്‍ത്തനം നടക്കുന്നതെന്നു കണ്ടെത്തിയെങ്കിലും അതിനു പിന്നില്‍ ബലപ്രയോഗമുള്ളതായി കണ്ടെത്താനായില്ല. ചില വിവാഹങ്ങള്‍ പെണ്‍കുട്ടികള്‍ ഇസ്‌ലാം സ്വീകരിച്ചതും ചിലതു പുരുഷന്‍മാര്‍ ഇസ്‌ലാം സ്വീകരിച്ചതുമാണ്. ചില മതംമാറ്റ ശ്രമങ്ങള്‍ പരാജയപ്പെട്ടതായും മൂന്നു സംഭവങ്ങള്‍ ഉദ്ധരിച്ച് എന്‍.ഐ.എ വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ ഹാദിയയ്ക്കും ഷെഫിനും സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍, സംഘടിത ഗൂഢാലോചനയോ കുറ്റകൃത്യങ്ങളോ നടന്നിട്ടില്ല. അതിനാല്‍ കടുത്ത വകുപ്പുകളുള്ള യു.എ.പി.എ അടക്കമുള്ള നിയമങ്ങള്‍ പ്രകാരം എന്തെങ്കിലും കുറ്റം ചുമത്താനുള്ള തെളിവുകളും ഇവര്‍ക്കെതിരേയില്ല. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ടു പോപുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നില്ലെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സംഘടനയാണ് അതെന്നും അത്തരം കേസുകളില്‍ സംഘടനയ്‌ക്കെതിരേ അന്വേഷണം തുടരേണ്ടതുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
2016 ഡിസംബറിലാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം നടന്നത്. ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച് 2017 മെയ് മാസത്തില്‍ ഹൈക്കോടതി വിവാഹം റദ്ദാക്കി. ഇതു ചോദ്യംചെയ്തു ഷെഫിന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹം സുപ്രിംകോടതി ശരിവച്ചു. എന്നാല്‍, ഷെഫിന്‍ ജഹാനുനേരെ ഹാദിയയുടെ അച്ഛന്‍ ആരോപിച്ചിരുന്ന തീവ്രവാദ ബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോയെന്നതു സംബന്ധിച്ചും അന്വേഷണം തുടരാന്‍ കോടതി എന്‍.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ നേരിട്ടു ഹാജരായി സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയതിനാല്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് വിവാഹത്തിന്റെ പശ്ചാത്തലവും മറ്റും സംബന്ധിച്ചു സുപ്രിംകോടതി മുന്‍ ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."