പൈപ്പിടാന്‍ പൊളിച്ച റോഡ് 'കുളമായി ' ; പൈപ്പ് കൊണ്ടുപോകാനുള്ള അധികൃതരുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു
ഹരിപ്പാട്: ആലപ്പുഴ കുടിവള്ള പദ്ധതിക്കായി പൈപ്പിടുന്നതിനു വേണ്ടി കുഴിച്ച കുഴികള്‍ മൂടാത്തതിലും റോഡ് ഗതാഗത യോഗ്യമാക്കാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാറും ചേര്‍ന്ന് എഞ്ചിനിയറെ തടഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെ വീയപുരം രണ്ടാം വാര്‍ഡില്‍ വീയപുരം കിഴക്കേക്കരയിലായിരുന്നു സംഭവം. കരുമാടിയിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ച ഒന്നര മീറ്ററോളം വ്യാസവും 30 അടിയിലധികം നീളവു മുള്ള അധികം വന്ന പൈപ്പുകള്‍ ആലപ്പുഴ കുടിവള്ള പദ്ധതിയുടെചുമതലയുള്ള ആലപ്പുഴ ഡിവിഷന് സബ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ കൊണ്ട് പോകുന്നതിനായി ലോറിയിലേക്ക് കയറ്റവേയാണ് പ്രദേശവാസികളും ഡ്രൈവര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുഴികള്‍ മൂടി റോഡ് യാത്രായോഗ്യമാക്കിയതിനു ശേഷം പൈപ്പുകള്‍ കൊണ്ടുപോയാല്‍ മതിയെന്നു പറഞ്ഞാണ് തടഞ്ഞത്. തുടര്‍ന്ന് വീയപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സംഭവ സ്ഥലത്തെത്തി പൊതുമരാമത്ത് എടത്വാ ഡിവിഷന് സബ് എഞ്ചിനിയറെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു. കുഴിയെടുത്തപ്പോള്‍ മൂടാതെ പോയ ഭാഗങ്ങള്‍ അഞ്ചു ദിവസത്തിനകം കരാറുകാരെ കൊണ്ടു മൂടിപ്പിക്കാമെന്ന് ആലപ്പുഴ ഡിവിഷന് സബ് എഞ്ചിനിയര്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ പ്രദേശവാസികള്‍ക്ക് ഉറപ്പു നല്കി. യാത്രായോഗ്യമല്ലാത്ത പ്രദേശങ്ങങ്ങളുടെ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിനു മുന്നോടിയായി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കാമെന്നും പൊതുമരാമത്ത് സബ് എഞ്ചിനിയറും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.
ചര്‍ച്ചയില്‍ എസ്.ഐ ജിജിന് തോമസ്, വാര്‍ഡ് മെമ്പര്‍ ആബിദാബീവി, പൊതുമരാമത്ത് സബ് എഞ്ചിനിയര്‍ ബീനാ ജോണ്‍, വാട്ടര്‍ അതോറിറ്റി ആലപ്പുഴ ഡിവിഷന് സബ് എഞ്ചിനിയര്‍ ബെന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."