ദക്ഷിണ കൊറിയ ജപ്പാനുമായുള്ള രഹസ്യാന്വേഷണ കൈമാറ്റ ഉടമ്പടി റദ്ദാക്കുന്നു
സോള്‍: ജപ്പാനുമായുള്ള രഹസ്യാന്വേഷണ കൈമാറ്റ ഉടമ്പടി റദ്ദാക്കുന്നതായി ദക്ഷിണ കൊറിയ. മുന്‍ഗണനാ വ്യാപാര പങ്കാളിയെന്ന നിലയില്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന സ്ഥാനം ജപ്പാന്‍ അടുത്തിടെ എടുത്തുകളഞ്ഞിരുന്നു. അതോടെ ജപ്പാനില്‍നിന്ന് അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആയുധ നിര്‍മാണത്തിനോ സൈനിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കില്ല എന്നുറപ്പിക്കാനായി അധിക പരിശോധന ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടിവരും. ഇതാണ് ദക്ഷിണ കൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍, രാജ്യസുരക്ഷയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതിന് പകരമായി ഞങ്ങള്‍ ഒപ്പുവച്ച കരാര്‍ നിലനിര്‍ത്തുന്നത് ഞങ്ങളുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയരക്ടര്‍ കിം യുഗിയൂണ്‍ പറഞ്ഞു. ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള ജനറല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റ് 2016ലാണ് നിലവില്‍വന്നത്. ഇന്നാണ് അത് പുതുക്കേണ്ട അവസാന തിയതി. ഉത്തരകൊറിയയുടെ മിസൈല്‍, ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ സാധിക്കുമെന്നതായിരുന്നു കരാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രഹസ്യ വിവരങ്ങള്‍ കൈമാറണമെങ്കില്‍ യു.എസ് സഹായം വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."