ശബരിമലയിലെ ക്രമസമാധാനം തകര്‍ക്കരുതെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ശബരിമലയിലെ ക്രമസമാധാനം തകര്‍ക്കരുതെന്ന് ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഇക്കാര്യം അറിയിച്ചപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഇന്നലെ രാവിലെ രണ്ട് യുവതികള്‍ പൊലിസ് വലയത്തില്‍ സന്നിധാനത്തെത്തിയതും തുടര്‍ന്ന് സ്‌ഫോടനാത്മകമായ സ്ഥിതിയുണ്ടാകുകയും ചെയ്തപ്പോള്‍ ഡി.ജി.പിയെ രാജ്ഭവനിലേയ്ക്ക് ഗവര്‍ണര്‍ വിളിച്ചുവരുത്തുകയായിരുന്നു. ശബരിമലയിലെ ക്രമസമാധാന നില, ഇപ്പോള്‍ പൊലിസ് കൈക്കൊള്ളുന്ന നടപടികള്‍, ഭാവിയില്‍ സ്വീകരിക്കാന്‍ ഇടയുള്ള നടപടികള്‍ എന്നിവ ഗവര്‍ണര്‍ ഡി.ജി.പിയോട് ചോദിച്ചു. യാതൊരു കാരണവശാലും ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ശബരിമലയില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തന്നെ ഡി.ജി.പി ഗവര്‍ണര്‍ക്ക് കൈമാറി. മണ്ഡല മകരവിളക്ക് സമയത്ത് ഉദ്ദേശിക്കുന്ന സുരക്ഷാസംബന്ധമായ റിപ്പോര്‍ട്ടും ഡി.ജി.പി ഗവര്‍ണറെ ബോധിപ്പിച്ചു.
ശബരിമലയിലെ നിലവിലെ സ്ഥിതിയില്‍ ആശങ്ക അറിയിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറെ കണ്ടു.
ഡി.ജി.പിയുമായി എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചു. അതിനിടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലും ജാഗ്രതയും ക്രമസമാധാന പരിപാലനത്തിനുള്ള സുരക്ഷാക്രമീകരണങ്ങളും ശബരിമലയില്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. ക്രമസമാധാനം സംരക്ഷിക്കുന്നതിനെതിരായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരവേല നടത്തുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കണമെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."