പതിനായിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി
മാനന്തവാടി: പിതൃ മോക്ഷ പ്രാപ്തിക്കായി കര്‍ക്കിടകത്തിലെ കറുത്തവാവ് ദിനത്തില്‍ ജില്ലയില്‍ തിരുനെല്ലി, പൊന്‍കുഴി ശ്രീരാമക്ഷേത്രം, മീനങ്ങാടി ശ്രീ പൂമാല പരദേവതാ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കുട്ടരായിന്‍പുഴ എന്നിവിടങ്ങളിലായി പതിനായിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. തിരുനെല്ലിയില്‍ പുലര്‍ച്ചെ 2.30നും പൊന്‍കുഴിയില്‍ 3.30നുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ഇവിടങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ തന്നെ ജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തിരുനെല്ലിയില്‍ ബസ് പാര്‍ക്കിങ് സ്ഥലം തൊട്ട് പാപനാശിനി വരെ എതാണ്ട് ഒരു കിലോ മീറ്റര്‍ ദൂരം രണ്ട് മണിക്കൂറിലധികനേരം നിന്നാണ് ആളുകള്‍ പാപനാശിനിയില്‍ ചടങ്ങുകള്‍ക്ക് എത്തിയത്. മഴ അകന്ന് നിന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായി മാറി. പൊലിസ് പാപനാശിനി വരെ ശക്തമായ രീതിയില്‍ ബാരിക്കേഡുകള്‍ തീര്‍ത്താണ് തിരക്ക് നിയന്ത്രിച്ചത്. ഉച്ചക്ക് 2.15 ന് വാവ് തീര്‍ന്നെങ്കിലും നിരവധി പേര്‍ അതിന് ശേഷവും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.
സി.സി.ടി.വിയുടെ നിരീക്ഷണവും ഒരുക്കിയിരുന്നു. വെള്ളം നിയന്ത്രിച്ച് ഗതിമാറ്റി ഒഴുക്കിയാണ് കൂടുതല്‍ പേര്‍ക്ക് ബലി കര്‍മ്മങ്ങള്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയത്. കെ.എസ്.ആര്‍.ടി.സി, പ്രിയദര്‍ശിനി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വിസും നടത്തിയിരുന്നു. കല്‍പ്പറ്റ, ബത്തേരി, തൊട്ടില്‍പ്പാലം, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും ബസുകള്‍ എത്തിച്ചാണ് കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത്. റവന്യു ഉള്‍പ്പെടെയുളള മറ്റ് വകുപ്പുകളും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചത്.
പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഒരേ സമയം 500 പേര്‍ക്ക് ബലികര്‍മ്മം നടത്താനുള്ള ബലിത്തറയും ഒരുക്കിയിരുന്നു. ബലികര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി ഗിരീഷ് അയ്യര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൊലിസിന് പുറമെ ഫോറസ്റ്റ്, ഫയര്‍ റസ്‌ക്യു വിഭാഗം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, റവന്യു വകുപ്പ് തുടങ്ങിയ വകുപ്പുകളും സൗകര്യങ്ങളൊരുക്കി സജീവമായിരുന്നു.
ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി ദേശിയ പാതയില്‍ പൊന്‍കുഴഭാഗത്ത് ചരക്ക് വാഹനങ്ങള്‍ക്ക് ഉച്ചവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍- പൊന്നാനി മഹാവിഷ്ണു ക്ഷേത്രത്തിലും ബലിതര്‍പ്പണം നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."