ദുരന്തനിവാരണം: മോക്ക് ഡ്രില്‍ സംഘടിപ്പിക്കും
കോട്ടയം: ജില്ലയില്‍ ഉണ്ടായേക്കാവുന്ന ദുരന്ത സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളേയും ഉദ്യോഗസ്ഥരേയും പരിചയപ്പെടുത്തുന്നതിന് ദേശിയ ദുരന്തനിവാരണ സേനയുമായി സഹകരിച്ച് ജില്ലാഭരണകൂടം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാകലക്ടര്‍ സി.എ ലതയുടെ അദ്ധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.
മേവള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഫില്ലിങ്ങ് സ്ഥാപനത്തെ കേന്ദ്രീകരിച്ച് കൃത്രിമമായി ദുരന്ത സാഹചര്യം സൃഷ്ടിച്ച് രക്ഷാപ്രവര്‍ത്തന മാതൃകകള്‍ പരിചയപ്പടുത്തും. ഇതിനാവശ്യമായ ഔദ്യോഗിക നടപടികള്‍ സ്വീകരിക്കുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുര്യാച്ചനെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
തിയതി പിന്നീട് തീരുമാനിക്കും. ദുരന്തങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് അഞ്ച് താലൂക്കുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
സ്‌കൂളുകള്‍ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ഉള്‍പ്പെടെ വിവിധ മേഖലകളിലുളളവരുടെ പങ്കാളിത്തം ഉറപ്പു വരുത്തും. മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, കൃഷി, വ്യവസായം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഏകോപനം തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
എ.ഡി.എം കെ. രാജന്‍, ദേശിയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരായ രാജു തോമസ്, ധനേഷ് ശങ്കര്‍, ആര്‍.ഡി.ഒമാര്‍, തഹസീല്‍ദാര്‍മാര്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."