ഒടുവില്‍ കപ്പക്ക് ആളായി; മീനച്ചിലാറിന്റെ തീരം കൈയേറിയാണ് കപ്പ കൃഷിചെയ്തത്
ഏറ്റുമാനൂര്‍: ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ മീനച്ചിലാറിന്റെ തീരത്ത് സ്വകാര്യവ്യക്തികള്‍ കൈയേറി കൃഷി ചെയ്ത കപ്പ റവന്യൂ വകുപ്പ് മൊത്തവ്യാപാരിയെ കണ്ടെത്തി ഏല്‍പ്പിച്ചു. ഒരു ലക്ഷം രൂപയിലധികം നഷ്ടത്തില്‍ കച്ചവടം ചെയ്ത കപ്പ ഇന്നലെ പറിച്ചു തുടങ്ങി. 22500 രൂപയ്ക്കാണ് സംക്രാന്തിയിലുള്ള ഒരു വ്യാപാരിക്കാണ് റവന്യു വകുപ്പ് കപ്പ കൈമാറിയത്.
കഴിഞ്ഞ ജനുവരിയിലാണ് പേരൂരില്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലം വരെയുള്ള ആറ്റു തീരം കൈയേറ്റക്കാരില്‍ നിന്നും റവന്യൂ വകുപ്പ് തിരികെ പിടിച്ചത്. മീനച്ചിലാര്‍ സംരക്ഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ വര്‍ഷങ്ങളായുള്ള സമരത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ ഭൂമി തിരികെ പിടിക്കുന്നത്.
ആറ്റുതീരത്ത് അനധികൃതമായി കൃഷി ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ വിളകള്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫിസര്‍ മതിപ്പു വില നിശ്ചയിച്ച കപ്പ മൂന്ന് പ്രാവശ്യം ലേലത്തില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
8.82 ഹെക്ടര്‍ സ്ഥലത്തെ 1680 ചുവടു കപ്പയ്ക്ക് 126400 രൂപയാണ് കൃഷി ഓഫിസര്‍ ആദ്യം മതിപ്പ് വില നിശ്ചയിച്ചത്. ആദ്യലേലം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 88000 രൂപയാക്കി പുതുക്കി നിശ്ചയിച്ച് വീണ്ടും ലേലം വിളിച്ചെങ്കിലും അതും മുടങ്ങി.
പിന്നീട് ഹോര്‍ട്ടികോര്‍പ്പ് നിശ്ചയിച്ച മതിപ്പുവില 56000 രൂപയ്ക്ക് ലേലം ചെയ്യാനിരിക്കെ ആറ്റിലെ ജലനിരപ്പ് ഉയരുകയും കപ്പയ്ക്കുള്ളില്‍ വെള്ളം കയറുകയും ചെയ്തു. മുന്നൂറോളം ചുവട് കപ്പ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് കപ്പ ആരും ലേലത്തില്‍ പിടിക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് വില താഴ്ത്തിയാതാണെങ്കിലും കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങിനെ 22500 രൂപയ്ക്ക് വില്‍പ്പന ഉറപ്പിച്ച കപ്പയാണ് ഇന്നലെ പറിച്ചു മാറ്റി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."