യുവാവിനെ കാര്‍ കയറ്റിക്കൊന്ന കേസ്: രണ്ടുപേര്‍ പിടിയില്‍
കായംകുളം: ബാറിനുമുന്നിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാ (25)ന്റെ തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലാണ് കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ (21) എന്നിവരെ സേലത്തുനിന്നും കായംകുളം പൊലിസ് കസ്റ്റഡിയിലെടുത്തത്.
പ്രതികള്‍ക്കായുള്ള തെരച്ചില്‍ തമിഴ്നാട്ടിലേക്കും കേരളത്തിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ ഇവര്‍ സേലം റെയില്‍വേ സ്റ്റേഷനില്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്.പി.എഫിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു.
കായംകുളം എസ്.ഐ സുനു മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി കായംകുളം ഐക്യജങ്ഷന് വലിയവീട്ടില്‍ ഷിയാസി(21)നെയും ഇവര്‍ സഞ്ചരിച്ച കാറും ബുധനാഴ്ച പുലര്‍ച്ചെ കിളിമാനൂരില്‍ നിന്നും പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ബാറിനുമുന്നിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അജ്മല്‍ ഷമീര്‍ഖാന്റെ തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. സംഘം സംഭവസ്ഥലത്തുനിന്ന് പോയെങ്കിലും നിമിഷങ്ങള്‍ക്കകം അമിത വേഗതയില്‍ വന്ന് ഷമീര്‍ഖാന്റെ തലയിലൂടെ കാര്‍ കയറ്റുകയായിരുന്നു. ഷമീര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. പൊലിസ് എത്തിയാണ് മൃതദേഹം താലൂക്കാശുപത്രിയിലേക്കു മാറ്റിയത്.
ഷിയാസിനെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ സഹായിച്ച കൊറ്റുകുളങ്ങര സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."