മെഡിക്കല്‍ കോളജ് വികസനത്തിന് അനുവദിച്ചത് 40.81 കോടി
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായുളള 40.81 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.
പുതുതായി നിര്‍മിച്ച അത്യാഹിത വിഭാഗത്തിന്റെ പണിപൂര്‍ത്തീകരിക്കുന്നതിന് 16.5 കോടി രൂപയും ഫാര്‍മസി കോളജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് 16.67 കോടി രൂപയും ആര്‍ദ്രം പദ്ധതിയില്‍ ഒ.പി ട്രാന്‍സ്ഫര്‍മേഷന് 8.9 കോടി രൂപയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒരു വര്‍ഷത്തിനകം അനുവദിച്ചത്.
നാലു കോടി രൂപ ചിലവില്‍ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിനും 1.25 കോടി രൂപ ചിലവില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിനും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 4.75 കോടി രൂപ ചിലവില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച സി.എസ്.എസ്.ഡിയുടെയും 8.71 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച 24 കിടക്കുകളും 24 വെന്റിലേറ്ററുകളുമുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും പ്രവര്‍ത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ എല്ലാ ദിവസവും ഓപ്പറേഷന്‍ നടക്കുന്നുണ്ട്. മാസത്തില്‍ എട്ട് മേജര്‍ ഓപ്പറേഷന്‍ ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 30 ലധികം ഓപ്പറേഷനുകളാണ് നടക്കുന്നത്.
ഗൈനക്കോളജി വിഭാഗം പേവാര്‍ഡിന്റെയും ജീവനക്കാര്‍ക്കുളള സിക്ക് റൂമിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് രോഗികളുടെ സൗകര്യാര്‍ത്ഥം ഗൈനക്കോളജി, ക്യാന്‍സര്‍ വാര്‍ഡുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുടങ്ങി. ഗൈനക്കോളജി വിഭാഗത്തില്‍ സബ് സ്റ്റോര്‍, കുടുംബശ്രീ ക്യാന്റീന്‍, ലിക്യുഡ് ഓക്‌സിജന്‍ മുതലായ സൗകര്യങ്ങള്‍ ഒരുക്കുകയും 15 സ്റ്റാഫ് നേഴ്‌സ്മാരെയും 14 ക്ലീനിങ് ജീവനക്കാരെയും നിയമിക്കുകയും ചെയ്തു.
ഓങ്കോളജി വിഭാഗം തുടങ്ങുന്നതിന്റെ ഭാഗമായി 11 സ്റ്റാഫ് നേഴ്‌സ്, 10 ഫാക്കല്‍റ്റി തസ്തികകളും അനുവദിച്ചു. മോര്‍ച്ചറി ബ്ലോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.
സീവെജ് ട്രീറ്റുമെന്റ് പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാഹിത വിഭാഗത്തില്‍ പുതുതായി പ്രവര്‍ത്തനക്ഷമമാക്കിയ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍ക്കു പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമ ഓപ്പറേഷന്‍ തിയേറ്ററും പ്രവര്‍ത്തിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."