മുസ്‌ലിം നേതാക്കള്‍ ചാനല്‍ പ്രോപര്‍ട്ടികളാകരുത്
പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഒരു പ്രാദേശിക ഭാഷാ ചാനലില്‍ ന്യൂനപക്ഷ ഇടതുപക്ഷ വിരുദ്ധ കാംപയിനിനായി ദിനവും ഒരു മണിക്കൂര്‍ ചര്‍ച്ചയുണ്ട്. മുസ്‌ലിം വിരുദ്ധവും കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ എന്തെങ്കിലും ഒന്ന് പ്രൈംടൈമിലെ ഒരു മണിക്കൂറിലേക്കായി ഒരുക്കി ചര്‍ച്ച നടത്തണമെന്നത് ചാനല്‍ എഡിറ്റര്‍ക്ക് മുതലാളി നല്‍കിയ നിര്‍ദേശമാണ്. സമൂഹത്തിന് പൊതുവില്‍ വലിയ താല്‍പര്യമില്ലാത്തതും എന്നാല്‍ സംഘ്പരിവാറിന് പ്രത്യേക താല്‍പര്യമുള്ളതുമായ വിഷയങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുക എന്നതാണ് പരിപാടിയുടെ അജണ്ട. മുത്വലാഖ് പോലുള്ള വിഷയങ്ങള്‍ താമരശ്ശേരിയില്‍ നടന്ന അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നവല്‍ക്കരിച്ചത് ഇതിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ പ്രത്യക്ഷമായ ഹിന്ദുത്വ അജണ്ടയില്‍ ഊന്നി സംവാദ വേദി ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ബാര്‍ക് റേറ്റിങ് ലഭിക്കാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് ആശ്രയിക്കാവുന്ന പ്രധാന വിഷയങ്ങളിലൊന്ന് ന്യൂനപക്ഷ ഹിംസയാണ്. വര്‍ഗീയ താല്‍പര്യങ്ങളുള്ളവരും ഇരകളും ഒരുപോലെ ടി.വി കാണുമെന്നതിനാല്‍ ചാനല്‍മുതലാളിക്ക് കച്ചവടം ഉഷാറാക്കാം. ഒപ്പം രാജ്യത്ത് ശക്തിപ്പെട്ട ഹിന്ദുത്വരാഷ്ട്രീയ നേതാക്കളുടെ പ്രീതിയും പിടിച്ചുപറ്റാം.
യുദ്ധജ്വരം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ കഴിഞ്ഞാല്‍ റേറ്റിങ്ങിലേക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കുന്നത് മുസ്‌ലിം വിരുദ്ധതയാണ്. ക്രൈം, സ്ത്രീ ലൈംഗികത ( വ്യഭിചാരം, ബലാത്സംഗം), സെലിബ്രിറ്റി (സിനിമാ, സ്‌പോര്‍ട്‌സ് താരങ്ങള്‍ ) വിഷയങ്ങളാണ് സാധാരണ ദിനങ്ങളില്‍ റേറ്റിങ് ലക്ഷ്യങ്ങളോടെ വാര്‍ത്താചാനലുകള്‍ പ്രധാന വാര്‍ത്തകളായി പരിഗണിക്കുന്നത്.
അടുത്ത് നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം പോലും ടെലിവിഷന്‍ ചാനലുകള്‍ കാര്യമായി ചര്‍ച്ച ചെയ്തത് മേല്‍പറഞ്ഞ ഘടകങ്ങള്‍ കൂടുതലുള്ളതുകൊണ്ടാണ്. ന്യൂസ് ചാനലുകളുടെ ചര്‍ച്ചകളുടെ റേറ്റിങ് ആഴ്ചതോറും ബാര്‍ക് പ്രസിദ്ധീകരിക്കും. ഈ റേറ്റിങ്ങാണ് പരസ്യത്തിന്റെ അടിസ്ഥാനം. പ്രോഗ്രാമിന്റെ റേറ്റിങ് മാത്രമല്ല ഇപ്പോള്‍ ബാര്‍ക് നല്‍കുന്നത്, ഏത് വ്യക്തി( ഗസ്റ്റ് ) ചര്‍ച്ചയില്‍ ഇരിക്കുമ്പോഴാണ് കൂടുതല്‍ റേറ്റിങ് എന്ന് കൂടി ചാനല്‍ മുതലാളിക്ക് ലഭ്യമാണ്. സിനിമാ, സ്‌പോര്‍ട്‌സ് താരങ്ങളെ കാണാനും കേള്‍ക്കാനും മാത്രമല്ല ടെലിവിഷന്‍ പ്രേക്ഷകന്‍ കൗതുകം കാണിക്കുന്നത്. പലതരം ക്രിമിനലുകളെയും വര്‍ഗീയവാദികളെയും മാധ്യമങ്ങള്‍ പ്രത്യേക തരത്തില്‍ ചാപ്പ കുത്തിയവരെയും കാണാന്‍ പ്രേക്ഷകന് താല്‍പര്യമുണ്ടെന്നാണ് ബാര്‍കിന്റെ കണക്കുകള്‍ പറയുന്നത്.
പൊതുഇടത്തില്‍ വിമതസ്വഭാവത്തില്‍ പ്രത്യക്ഷപ്പെടുന്ന മുസ്‌ലിം സ്ത്രീ, അതിനെ കണിശമായി വിമര്‍ശിക്കാന്‍ തയാറാകുന്ന മുസ്‌ലിം പുരുഷന്‍ (അയാളുടെ ഭാഷ അശ്ലീലമാകുന്നതാണ് ചാനലുകള്‍ക്ക് താല്‍പര്യം), മഠം വിട്ട കന്യാസ്ത്രീ പോലുള്ള പ്രതിനിധാനങ്ങളെല്ലാം ചാനലുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യ ബോധം കൊണ്ടല്ല. അവരുടെ സ്‌ക്രീന്‍ കൂടുതല്‍ സമയം പ്രേക്ഷകന്‍ കണ്ടിരിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.
മലയാളി യുവാക്കളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിച്ചതില്‍ വലിയ പങ്കുള്ള നടിയുടെ ലൈംഗിക ജീവിതം വിചാരണ ചെയ്തത് അടുത്തിടെ തുടങ്ങിയ ഒരു വാര്‍ത്താ ചാനലാണ്. മലയാളിയുടെ ഉള്ളിലും കടുത്ത വര്‍ഗീയത ഒളിഞ്ഞിരിപ്പുണ്ട് എന്നത് ശബരിമല കാലത്ത് സംഘ്പരിവാര്‍ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തിന് തൊട്ടടുത്ത് എത്തിയപ്പോള്‍ നമ്മള്‍ തിരിച്ചറിഞ്ഞതാണ്. ഇതെല്ലാം മുന്നില്‍വച്ച് വേണം വാര്‍ത്താചാനലുകളെ സമീപിക്കാന്‍.
ചാനലുകള്‍ക്ക് റേറ്റിങ് ഉണ്ടാക്കിക്കൊടുക്കുന്ന കേവലം പ്രോപര്‍ട്ടികളായി മുസ്‌ലിം നേതാക്കള്‍ മാറണോ എന്ന് ഗൗരവമായി ആലോചിക്കണം. രാഷ്ട്രീയവും അക്കാദമികവുമായി പ്രാധാന്യമില്ലാത്തതും കേവല വികാര പ്രകടനങ്ങള്‍ക്ക് മാത്രം ഇടമുള്ളതുമായ ചര്‍ച്ചകളില്‍ പ്രാതിനിധ്യം അറിയിക്കുക വഴി ചാനലിന്റെ കച്ചവട ഉപകരണങ്ങളായി ചില നേതാക്കള്‍ മാറുകയാണ്. ചാനല്‍ സ്റ്റുഡിയോയില്‍നിന്ന് ഫോണില്‍ വിളിച്ച് എന്തോ ഒരാള്‍ പറഞ്ഞെന്ന് പറയുമ്പോഴേക്കും അതിനോട് പ്രതികരിക്കാന്‍ മുതിരുന്നത് ധാര്‍മികമായി ശരിയല്ല എന്ന വശം കൂടി ഓര്‍ക്കണം.
നിലവാരമുള്ള ആങ്കറും ജനാധിപത്യപരമായ ശൈലിയും വിഷയം പ്രാധാന്യമുള്ളതാണെന്ന ധാരണയും ഉണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുള്ളു. സമുദായത്തെ കുരിശില്‍ കയറ്റാനായി മാത്രം നടത്തുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് പലരും ആത്മരതി കൊള്ളുകയാണ്. സത്യത്തില്‍ നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ നേര്‍ച്ചക്കോഴിയായി സമുദായത്തിലെ പ്രമുഖര്‍ തന്നെ മാറുന്നതാണ് അവസ്ഥ. താമരശ്ശേരിയിലെ കെട്ടിച്ചമച്ച മുത്വലാഖ് കേസില്‍ യുവാവിനെ റിമാന്‍ഡ് ചെയ്യാതെ ജാമ്യം അനുവദിക്കുകയും കേസിന്റെ മെറിറ്റില്‍ വനിതയായ ജഡ്ജി പോലും സംശയം ഉന്നയിക്കുകയും ചെയ്തതാണ്. എന്നിട്ടും പെണ്‍കുട്ടിയുടെ ഒരു ബൈറ്റ് ചേര്‍ത്തുവച്ച് വാര്‍ത്തയുണ്ടാക്കി അതില്‍ ചര്‍ച്ച നടത്താന്‍ ഒരു ചാനല്‍ തയാറായി. അതിലെ കച്ചവട ഹിന്ദുത്വ താല്‍പര്യം തിരിച്ചറിയാതെ മുസ്‌ലിം നേതാക്കള്‍ തന്നെ പോയി തര്‍ക്കിച്ച് മടങ്ങി.
ഉയര്‍ന്ന രാഷ്ട്രീയ ബോധവും മാധ്യമവിദ്യാഭ്യാസവും കൈവരിക്കാതെ സമുദായത്തിന് മുന്നോട്ടു പോകാനാകില്ല. വാദിയെയും പ്രതിയെയും ന്യായീകരിക്കുന്നവരെ പങ്കെടുപ്പിക്കാതെ ചാനലുകള്‍ക്ക് ചര്‍ച്ച നടത്താന്‍ കഴിയില്ല. അതിനാല്‍ തന്നെ സമുദായത്തെ അനാവശ്യമായി പ്രശ്‌നവല്‍ക്കരിക്കുന്ന ടെലിവഷന്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ സമുദായ നേതൃത്വം തന്നെ തീരുമാനിച്ചാല്‍ മതി. ചര്‍ച്ചകള്‍ക്കുള്ള ക്ഷണം നിരസിക്കുക എന്നത് തന്നെയാണത്.
ടെലിവിഷന്‍ ചര്‍ച്ചകള്‍ എന്നത് ഇപ്പോള്‍ തര്‍ക്കമാണ്. അല്‍ജസീറയിലോ ബി.ബി.സിയിലോ ഉള്ളത് പോലെയല്ല റിപ്പബ്ലികിലും ടൈംസ് നൗവിലുമൊന്നും. ചാനല്‍ സ്റ്റുഡിയോയില്‍ തെറിവിളികളും യുദ്ധവെറികളും അപരഹിംസയുമാണ് കേള്‍ക്കുന്നത്. കേരളത്തിലും ഏറെക്കുറെ ഇതുതന്നെയാണ് സ്ഥിതി. പെര്‍ഫോമന്‍സും യുക്തിയുമാണ് കാര്യം. അല്ലാതെ വലിയ ജ്ഞാനമല്ല. ന്യായവും സത്യവുമല്ല. സമുദായത്തെ മാത്രം അഭിസംബോധന ചെയ്തവര്‍ അതേ ഭാഷയില്‍ ചാനലില്‍ പോയി സംസാരിക്കുന്നതിന് പകരം പ്രേക്ഷകരെ കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതിനുള്ള ഭാഷയും ശൈലിയും കൂടി കൈവശപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."