കെട്ടിട - ഭൂ നികുതി വര്‍ധനവ്; അടച്ച അധിക തുക തിരിച്ചു നല്‍കാന്‍ നടപടിയായില്ല
മാനന്തവാടി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കുകയും പിന്നീട് കുറവ് വരുത്തുകയും ചെയ്ത ഭൂ, കെട്ടിട നികുതികള്‍ തിരിച്ചുനല്‍കാനുള്ള നടപടികളായില്ല. ഈ ആവശ്യമുന്നയിച്ച് വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലുമെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല.
2014-15 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയായിരുന്നു സംസ്ഥാനത്ത് ഭൂനികുതി വര്‍ധനവ് വരുത്തിയത്. ഒരു ഏക്കര്‍ ഭൂമിക്ക് 87 രൂപയില്‍ നിന്നും 203 വരെയായിരുന്നു ഉയര്‍ത്തിയത്. 2013-14 വര്‍ഷത്തെ നികുതി കുടിശികയുള്ളവരില്‍ നിന്നുമുള്‍പ്പെടെ പുതുതായി നികുതി സ്വീകരിക്കുമ്പോള്‍ പുതുക്കിയ വര്‍ധനവ് ഈടാക്കുകയും ചെയ്തിരുന്നു.
ഇതിനോടൊപ്പം തന്നെ റവന്യൂ വകുപ്പ് ഈടാക്കിയിരുന്ന ഒറ്റത്തവണ കെട്ടിട നികുതിയിലും ഇരട്ടിയായി വര്‍ധനവ് വരുത്തിയിരുന്നു. പിന്നീട് ഇതിനെതിരേ വ്യാപക പ്രതിഷധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുകയും വര്‍ധനവില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
ഇത് പ്രകാരം ഭൂനികുതി 162 ആക്കി കുറക്കുകയും വാണിജ്യ സ്ഥാപനങ്ങള്‍ക്കൊഴികെയുള്ള ഒറ്റത്തവണ റവന്യു നികുതി വര്‍ധനവ് പിന്‍വലിക്കുകയും ചെയ്തു.ഏന്നാല്‍ വര്‍ധനവ് നടപ്പിലാക്കിയ കാലയളവില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി നികുതി അടക്കേണ്ടിവന്നവര്‍ക്ക് അധിക തുക അടുത്ത വര്‍ഷത്തെ നികുതി അടക്കുന്ന സമയത്ത് വരവ് വെച്ചുനല്‍കുമെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പിന്നീടുണ്ടായിട്ടില്ല. പഞ്ചായത്ത് കെട്ടിട നികുതിയിനത്തിലും ഇത്തരത്തില്‍ വര്‍ധനവും പിന്നീട് കുറവ് വരുത്തലും നടത്തുകയുണ്ടായി.
ചില പഞ്ചായത്തുകള്‍ മാത്രമാണ് ഈ തുക ഇപ്പോള്‍ പുതിയ നികുതി അടക്കുന്നവര്‍ക്ക് കുറവ് വരുത്തി നല്‍കുന്നത്.
പൊതുജനങ്ങളില്‍ നിന്നും ഈടാക്കിയ തുക തിരികെ നല്‍കാനും ഭാഗപത്ര കരാറിന് ഉയര്‍ത്തിയ ഫീസ് കുറക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ അധികൃതര്‍ക്ക് നിവേദനം അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."