ഗെയില്‍ പൈപ് ലൈന്‍: വാതകം ചോര്‍ന്നു; ദുരന്തം ഉണ്ടാകുമെന്ന ഭീതിയില്‍ ജനം
പെരിയ: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു പ്രകൃതിവാതകം കടത്തി കൊണ്ടുപോകുന്നതിനുവേണ്ടി സ്ഥാപിക്കുന്ന പൈപ് ലൈന്‍ ജില്ലയില്‍ പല പ്രദേശങ്ങളിലും ഭൂമിയില്‍ തട്ടാതെ നിര്‍ത്തി മണ്ണിട്ടു മൂടിയതിനെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ ഭീതിയിലായി. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിന്റെ മറവിലാണ് പലപ്രദേശങ്ങളിലും ഇത്തരത്തില്‍ കുഴി മൂടിയത്.
കുണിയ കാനം പ്രദേശത്ത് ഇത്തരത്തില്‍ തൊഴിലാളികള്‍ കുഴി നികത്താന്‍ തുനിഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തടയാനെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തല്‍ക്കാലം ജോലി നിര്‍ത്തി വച്ച തൊഴിലാളികള്‍ ആളുകള്‍ പിരിഞ്ഞുപോയതോടെ യന്ത്രം ഉപയോഗിച്ച് വളരെ വേഗത്തില്‍ കുഴി നികത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്പ്രദേശവാസികള്‍.
പൈപ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും ഹൈക്കോടതിയുടെ ഉത്തരവുകളും പാലിക്കാതെയാണ് ജില്ലയില്‍ പല ഭാഗങ്ങളിലും ഗെയില്‍ കരാറുകാര്‍ പൈപ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് ആരോപണം. പലപ്രദേശങ്ങളിലും കുഴിക്കും പൈപിനുമിടയില്‍ ഒരു മീറ്ററോളം വിടവുകള്‍ ഉണ്ടെങ്കിലും പൈപ് ലൈന്‍ താങ്ങിനിര്‍ത്താന്‍ പില്ലറുകളോ മറ്റോ സ്ഥാപിക്കാതെ കരാറുകാര്‍ കുഴികള്‍ മൂടുകയായിരുന്നു.
പൈപ് ലൈന്‍ കടന്നുപോകുന്ന വഴിയിലുണ്ടായ ചെറിയ മൊട്ടക്കുന്നുകളില്‍ സ്ഥാപിച്ച പൈപ് ലൈനാണ് ഭൂമിയില്‍ തട്ടാതെ പലഭാഗങ്ങളിലും സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമെ കല്ലുകളോ മറ്റോ വച്ച് പൈപിന്റെ ഭാരം താങ്ങാനുള്ള ക്രമീകരണവും നടത്തിയില്ല. പ്രകൃതിവാതകം കടത്തുന്നതോടെ പൈപ് ലൈനില്‍ കൂടുതല്‍ ഭാരം അനുഭവപ്പെടുകയും കാലക്രമേണ വെല്‍ഡ് ചെയ്തു പിടിപ്പിച്ച ഭാഗങ്ങള്‍ പൊട്ടി വാതകം ചോര്‍ന്നു ദുരന്തം ഉണ്ടാവുകയും ചെയ്യുമെന്ന കടുത്ത ഭീതിയിലാണ് ആളുകള്‍.
കരാറുകാരുടെ കൂടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര പ്രാവീണ്യം ഇല്ലാത്തതുകൊണ്ടുതന്നെ അവര്‍ക്കു തോന്നിയപോലെ കുഴി നികത്തുകയായിരുന്നുവെന്നാണ് ആരോപണം. രണ്ടര മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് അതില്‍ പൈപ് സ്ഥാപിക്കണമെന്ന നിയമവും പലപ്രദേശങ്ങളിലും കരാറുകാര്‍ ലംഘിക്കുകയും ഒന്നരമീറ്റര്‍ ആഴത്തില്‍ പോലും കുഴിയെടുക്കാതെ പലഭാഗങ്ങളിലും പൈപ് സ്ഥാപിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഉയരുന്ന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."