കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിമുഖത
പൊന്നാനി: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നു.
അധ്യാപകര്‍ നിര്‍ബന്ധിച്ചിട്ടും രക്ഷിതാക്കള്‍ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ലാസ്സുകള്‍ കട്ട്‌ചെയ്ത് പ്രാക്ടീസിന് ആരും തയാറല്ല.എല്ലാ സ്‌കൂളുകളിലും ഓണം കഴിയുന്നതോടെ സബ്ജില്ലാ മത്സരങ്ങള്‍ തുടങ്ങും. കാര്യമില്ലാത്ത ഒരുകാര്യത്തിന് കാശും സമയവും മുടക്കി വന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കിവയ്ക്കുന്നത് എന്തിനാണെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പാഠ്യേതര മികവിന് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷക്കൊപ്പം ചേര്‍ക്കരുതെന്ന് നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. കേന്ദ്ര തീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇത് നടപ്പാക്കാത്തതിനെതിരേ പത്തനംതിട്ടയിലെ റോഷന്‍ ജേക്കബ് അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.
2017ലെ കേന്ദ്രതീരുമാനം ഉടന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് നേരത്തേ ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, വിഷയത്തില്‍ വ്യക്തതയില്ലാതെയാണ് അന്ന് ഹരജി തീര്‍പ്പാക്കിയത്. വിദ്യാര്‍ഥികളുടെ പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. ഈ തീരുമാനം നടപ്പാക്കുമോ ഇല്ലയോ എന്നത് വ്യക്തമാക്കാതെയാണ് അന്ന് നിവേദനത്തില്‍ തീര്‍പ്പുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേന്ദ്ര തീരുമാനം നാല് മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കേന്ദ്ര തീരുമാനം നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല.അതിനാല്‍ത്തന്നെ കേന്ദ്രതീരുമാനം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തടസമാവില്ല.
അതേസമയം, വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് വഴി ഉണ്ടാകുന്ന സമയനഷ്ടം നികത്താനാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ എസ്.സി.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തിയതായും മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."