അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല
തിരുവനന്തപുരം: സാക്ഷരതാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുടെ വേതനവിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.വി മുരളീധരനെ സര്‍ക്കാര്‍ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. സാക്ഷരതാ പ്രേരകുമാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഘടനാ ഭാരവാഹികളും മറ്റും കമ്മിഷന് മുന്‍പാകെ പരാതികള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള രണ്ടായിരത്തോളം പ്രേരക്മാരുടെ വേതനവിതരണത്തില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്ന് പരാതികളുയരുകയും ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസി. കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍ അധിക വേതനം അനുവദിച്ച ധനവകുപ്പിന്റെ നടപടികള്‍ വിവാദമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
സംസ്ഥാന പദ്ധതികളുടെ പഞ്ചായത്ത് കോ- ഓര്‍ഡിനേറ്റര്‍മാരായ പ്രേരക്മാരുടെ ദിവസവേതനം 400 രൂപയാണ്. ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാരായ നോഡല്‍ പ്രേരക്മാരുടെ വേതനം 500 രൂപയാണ്. എന്നാല്‍, ഇവര്‍ക്ക് കൃത്യമായി വേതനം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ 51 പേരുടെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തിയില്ലെങ്കില്‍ ഇവരുടെ ശമ്പളത്തിന്റെ 10 ശതമാനം വെട്ടിക്കുറയ്ക്കും. നാല്, ഏഴ് ക്ലാസുകളില്‍ പഠിതാക്കളുടെ എണ്ണത്തില്‍ കുറവുവന്നാല്‍ വീണ്ടും 10 ശതമാനം വേതനം കുറയും. എല്ലാ കുറയ്ക്കലും കഴിഞ്ഞ് മിക്ക സാക്ഷരതാ പ്രേരക്മാര്‍ക്കും ലഭിക്കുന്നത് ഏകദേശം 8000 രൂപ മാത്രമാണ്. ഇതും കൃത്യമായി ലഭിക്കാറില്ല. ഇപ്പോള്‍ത്തന്നെ മെയ് മാസം വരെയുള്ള തുകയേ ലഭിച്ചിട്ടുള്ളൂവെന്നാണ് പ്രേരകുമാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."