പുത്തുമല ദുരന്തം: തിരച്ചില്‍ അവസാനിപ്പിക്കുന്നു
മേപ്പാടി: പുത്തുമല ദുരന്തത്തില്‍ അകപ്പെട്ട് ഇനിയും കാണാമറയത്തുള്ളവരെ കണ്ടെത്താനായി കഴിഞ്ഞ 15 ദിവസങ്ങളിലായി നടത്തിയ തിരച്ചില്‍ അവസാനിപ്പിക്കുന്നു. ദുരന്തത്തില്‍ കാണാതായ ആളുകളുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നാല് കുടുംബങ്ങള്‍ തിരച്ചില്‍ തുടരേണ്ടതില്ലെന്ന് അറിയിച്ചത്. എന്നാല്‍ ദുരന്തത്തില്‍ കാണാതായ ഹംസയുടെ മകന് സഫീര്‍ ഒരു സ്ഥലത്തുകൂടി തിരച്ചില്‍ നടത്തണമെന്ന് അഭ്യര്‍ഥിച്ചു. ഇത് പരിഗണിച്ച് സഫീര്‍ പറഞ്ഞ സ്ഥലത്ത് തിങ്കളാഴ്ച തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. സഫീറിന്റെ സഹോദരിയുടെ മകളുടെ വിവാഹം നാളെ നടക്കാനിരിക്കുകയാണ്. ഇക്കാരണത്താലാണ് തിരച്ചില്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചത്. മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ച് തിങ്കളാഴ്ച പച്ചക്കാട്ടിലും പുത്തുമലയിലും തിരച്ചില്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരങ്ങളിലും നിലമ്പൂര്‍ വനത്തിന്റെ ഉള്പ്രദേശങ്ങളിലുമടക്കം സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നിലമ്പൂര്‍ വനത്തിലൂടെ ഒഴുകുന്ന ചാലിയാറിന്റെ തീരങ്ങളിലും സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതോടെയാണ് ബന്ധുക്കളെ ജില്ലാ ഭരണകൂടം യോഗത്തിന് വിളിച്ചത്. ഇതില്‍ കാണാതായ നാല് ആളുകളുടെ കുടുംബങ്ങള്‍ തിരച്ചില്‍ ഇനിയും തുടരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. യോഗത്തില്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."