ചിദംബരത്തിനെതിരായ നീക്കം ഹീനമായ രാഷ്ട്രീയ പകപോക്കല്‍: ബഹ്‌റൈന്‍ ഐ.വൈ.സി.സി
മനാമ: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, മുന്‍ ആഭ്യന്തര, ധനകാര്യ മന്ത്രിയും, രാജ്യസഭാംഗവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ് ബി ജെ പി സര്‍ക്കാരിന്റെ ഹീനമായ രാഷ്ട്രീയ പകപോക്കലാണെന്ന് ബഹ്‌റൈന്‍ ഐ.വൈ.സി.സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
നാല് പതിറ്റാണ്ട് പൊതുജീവിതത്തിലുള്ള ഒരാള്‍ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പേരുപോലുമില്ലാത്ത, ചാര്‍ജ്ഷീറ്റ് ഇല്ലാത്ത കേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക,കേസുകളില്‍ സഹകരിച്ചുവരുന്ന ഒരാള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍പോലും പറയാത്ത കാര്യങ്ങള്‍ ഡല്‍ഹി ഹൈകോടതി ജഡ്ജ് പറയുന്നു. ഇതൊക്കെ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍ ആണ്.
അടുത്ത ദിവസംവരെ മോഡി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനായിരുന്നു ചിദംബരം. ഇന്ത്യയുടെ നിലവിലെ സമ്പത്‌വ്യവസ്ഥയെകുറിച്ച് പത്രങ്ങളില്‍ എഴുതിയ കോളവും, കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടുകളെ എതിര്‍ത്തു രാജ്യസഭയിലെ ചിദംബരത്തിന്റെ പ്രസംഗവും സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് കശ്മീരിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് ഇന്നത്തെ ആഭ്യന്തരമന്ത്രിയെ തട്ടിക്കൊണ്ടുപോകല്‍, വ്യാജ ഏറ്റുമുട്ടല്‍കൊലപാതകങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഹിന്ദുത്വഭീകരത എന്നവാക്ക് ഉപയോഗിച്ചതും അതിനുപിന്നില്‍ പ്രവര്‍ത്തിച്ച വിവിധ സംഘപരിവാര്‍ ഗ്രൂപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
ചിദംബരം ഇത്തരം ശക്തമായ നിലപാടുകള്‍ എടുത്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ ഹീനമായ് രാഷ്ട്രീയ പകപോക്കല്‍ നടത്തി വേട്ടയാടുന്നത്. പ്രതിപക്ഷകക്ഷി നേതാക്കള്‍ക്കെതിരെ നടത്തുന്ന ഭരണകൂടഭീകരതയുടെ ഏറ്റവുംപുതിയ ഇരയാണ് ചിദംബരമെന്നും, ഇത്തരം ജനാധിപത്യ വിരുദ്ധനയങ്ങള്‍ക്കെതിരെ എല്ലാ ജനാതിപത്യമതേതര വിശ്വാസികളും പ്രതികരിക്കണമെന്നും ബഹ്‌റൈന്‍ ഐ.വൈ.സി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."