ദേശീയപാത വികസനം; കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു
തിരൂരങ്ങാടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി അക്വയര്‍ ചെയ്യുന്ന ഭൂമിയിലെ വ്യവസായ സമുച്ചയം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു. വെളിമുക്ക് ദേശീയപാതയോരത്തെ ഗ്രാന്റ് ട്രേഡേഴ്‌സ് എന്ന ഫ്‌ളോറിങ് സാനിറ്ററി സ്ഥാപനം പൊളിച്ചുനീക്കുന്നതിനെതിരെയാണ് കേരള ഹൈക്കോടതിയുടെ വിധി. സ്ഥാപനം നിലനില്‍ക്കുന്ന 31 സെന്റ് ഭൂമിയില്‍ 15ഉം ബഹുനിലകെട്ടിടത്തില്‍ 27,000 ചതുരശ്ര അടിയില്‍ 11,100 അടി കെട്ടിടസ്ഥലവും അക്വിസിഷന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
പാതാ വികസനത്തിന്റെ വിജ്ഞാപന പ്രകാരമുള്ള ആക്ഷേപവും എതിര്‍പ്പും ഉന്നയിച്ച് സ്ഥാപനത്തിന് ഇതുസംബന്ധമായി യാതൊരു വിവരമോ മറ്റോ നല്‍കിയിരുന്നില്ല. എന്നാല്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് വീണ്ടും യാതൊരു അറിയിപ്പും കൂടാതെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ വരികയും സ്ഥലവും സ്ഥാപനത്തിന്റെ ഭാഗങ്ങളും പൊലിസ് സഹായത്തോടെ വീണ്ടും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന പുതിയ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരവും, പുനരധിവാസ നടപടികളും ലഭ്യമാക്കുന്നതിനു മുന്‍പ് കെട്ടിടം പൊളിക്കുകയോ, ബലമായി വസ്തു കൈവശപ്പെടുത്തുകയോ ചെയ്യരുതെന്നാവശ്യപ്പെട്ടായിരുന്നു സ്ഥാപന ഉടമ എന്‍. കുഞ്ഞാലന്‍ഹാജി അഡ്വ. കെ.കെ സൈതലവി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."