മലിനജലം കിണറ്റിലേക്ക് ഒഴുക്കുന്നതിനെതിരേ പ്രതിഷേധം
പകര്‍ച്ചവ്യാധി ഭീഷണിയില്‍ പരിസരവാസികള്‍
ബദിയടുക്ക: സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മലിനജലം കിണറിലേക്ക് ഒഴുക്കി വിടുന്നതിനെതിരേ പ്രതിഷേധവുമായി പരിസരവാസികള്‍ രംഗത്ത്. ബദിയടുക്ക നീര്‍ച്ചാലിനു സമീപം ബേള വി.എം നഗറില്‍ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നതിനു സമീപമാണ് ഈ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള മലിന ജലം കിണറിലേക്ക് ഒഴുക്കി വിടുന്നുവെന്നാണ് ആരോപണം. മുന്‍പ് ക്വാര്‍ട്ടേഴ്‌സിലെ ആവശ്യങ്ങള്‍ക്കു വെള്ളം എടുത്തിരുന്ന കിണര്‍ ഇപ്പോള്‍ ഉപയോഗ ശൂന്യമായതോടെയാണ് ഇത് മലിനജലം ഒഴുക്കാനുള്ള കേന്ദ്രമായി തിരഞ്ഞെടുത്തത്.
കാലവര്‍ഷം ആരംഭിച്ചതോടെ ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള കിണറില്‍ നിന്നു തൊട്ടടുത്ത കിണറുകളിലേക്കും മലിന ജലം ഒഴുകിയെത്തുന്നതാണ് സമീപ വാസികള്‍ക്ക് ദുരിതമായരിക്കുന്നത്. പല പ്രവശ്യം ക്വാര്‍ട്ടേഴ്‌സ് ഉടമയോടും ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കുകയും ചെയ്തുവെങ്കിലും നടപടിയുണ്ടായില്ലെന്ന് സമീപവാസികള്‍ പറയുന്നു.
കൂടാതെ കിണറിന്റെ ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാവാത്തതും അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. ക്വാര്‍ട്ടേഴ്‌സിനു കെട്ടിട നമ്പര്‍ അനുവദിക്കുമ്പോള്‍ മലിനജലം ഒഴുക്കി വിടുന്നതിനു പ്രത്യേക ടാങ്കും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്ന മാനദണ്ഡങ്ങള്‍ മറി കടന്നാണ് അധികൃതര്‍ നമ്പര്‍ അനുവദിച്ചതെന്നും പരിസരവാസികള്‍ ആരോപിക്കുന്നു.
ക്വാര്‍ട്ടേഴ്‌സ് ഉടമക്കെതിരേയും അനാസ്ഥ കാട്ടുന്ന അധികൃതര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബേളയിലെ സിന്ദുര യുവക വൃന്ദ ക്ലബ് പ്രവര്‍ത്തകരും പരിസരവാസികളായ അന്‍പതോളം കുടുംബങ്ങളും ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."