പ്രാര്‍ഥനയും ധനസമാഹരണവും വിഫലമായി; അസ്വാന്റെ മരണത്തില്‍ തേങ്ങി നാട്
ചങ്ങരംകുളം: സുമനസുകളുടെ സഹായ സമാഹരണവും പ്രാര്‍ഥനയും വിഫലമായി, ചിയ്യാനൂര്‍ സ്വദേശി കോയാലിപ്പറമ്പില്‍ അബ്ബാസിന്റെ മകന്‍ അസ്‌വാന്‍ (അഞ്ച്) നാടിനോട് വിടപറഞ്ഞത് . അസ്‌വാന് ചെറിയ പനി വന്നപ്പോഴായിരുന്നു ഡോക്ടറെ കാണുന്നത്. പിന്നീട് രക്തം വറ്റി കൊണ്ടിരിക്കുന്ന അസുഖം. ആദ്യം കാന്‍സര്‍ എന്ന് പറഞ്ഞു ചികിത്സ തുടങ്ങി പിന്നീട് മജ്ജയുടെ കുഴപ്പമാണ് എന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വിധി എഴുതി. അവസാനം ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ആശുപത്രിയില്‍ ടെസ്റ്റ് നടത്തി. 35 ലക്ഷം ചെലവ് വരുമെന്ന് അറിയിപ്പ് വന്നപ്പോള്‍ ആകെ തളര്‍ന്ന കുടുംബത്തിന് താങ്ങും തണലുമായി നാടും നാട്ടുകാരും ഒരുങ്ങി. ഒരാഴ്ചയുടെ പരിശ്രമത്തില്‍ ചികിത്സക്ക് ആവശ്യമായ 40 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് സമാഹരിച്ചു.
വെല്ലൂരിലെ പ്രമുഖ ആശുപത്രിയില്‍ പോയി സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് അസ്‌വാന്‍ അയച്ച ശബ്ദ സന്ദേശം വിവിധ കൂട്ടായ്മകളുടെ വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ അറിഞ്ഞപ്പോള്‍ എല്ലാവരും ഏറെ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് ശരീരത്തിലെ രക്തം വളരെയധികം വറ്റി കൊണ്ടിരുന്നത്. മജ്ജ മാറ്റി വെക്കാനുള്ള സര്‍വ സജീകരണങ്ങളും ഒരുക്കി ഓപറേഷന്‍ നടന്നു. ബുധനാഴ്ച രാത്രിയോടെ അസ്‌വാന്‍ ഇനി സംസാരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ഇതിന് ശേഷമാണ് അസ്‌വാന്റെ മരണം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടര മണിയോടെ അസ്‌വാന്റെ മൃതദേഹം ചങ്ങരംകുളത്തിനടുത്ത ചിയ്യാനൂരിലെ വസതിയിലെത്തിച്ചു. നൂറുകണക്കിന് ആളുകളാണ് ഇവിടേക്കെത്തിയത്. ഒരു മണിയോടെ പള്ളിക്കരയിലെ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."