ജമ്മു കശ്മീര്‍: പോവരുതെന്ന് കേന്ദ്ര സര്‍ക്കാര്‍, രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കശ്മീര്‍ സന്ദര്‍ശനത്തിനായി വിമാനത്തില്‍ യാത്ര തിരിച്ചു. ഒപ്പം പ്രതിപക്ഷ നേതാക്കളുടെ വലിയ നിരയുമുണ്ട്. എന്നാല്‍ ഇവരെയെല്ലാം ശ്രീനഗർ വിമാനത്താവളത്തില്‍ തടയാന്‍ സാധ്യതയുണ്ട്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, തിരുച്ചി ശിവ (ഡി.എം.കെ), മനോജ് ഝാ (ആര്‍.ജെ.ഡി), ദിനശ് ത്രിവേദി (എന്‍.സി.പി) എന്നിവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള മറ്റു പ്രതിപക്ഷ നേതാക്കള്‍. നേരത്തെ ഗുലാം നബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചിരുന്നു.
കശ്മീന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കിയതിനു പിന്നാലെ, അവിടെ അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എല്ലാം മറച്ചുവയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി, ഇവിടെ വന്ന് കാര്യങ്ങള്‍ നിരീക്ഷിക്കൂയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. വേണമെങ്കില്‍ ഒരു വിമാനം അയച്ചുതരാമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
വിമാനമല്ല, മുഖ്യധാരാ നേതാക്കളെയും ഞങ്ങളുടെ സൈനികരെയും കാണാനായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതോടെ ഗവര്‍ണര്‍ തടസവാദങ്ങളുമായി മുന്നോട്ടുവന്നു. കശ്മീര്‍ വിഷയത്തെ രാഹുല്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഓഫിസ് ആരോപിച്ചു. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കളുടെ സംഘവുമായി രാഹുല്‍ എത്തുന്നതെന്നും മേഖലയില്‍ പ്രശ്‌നം കൂട്ടാനേ ഇത് ഇടയാക്കൂവെന്നും ഗവര്‍ണറുടെ ഓഫിസ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."