മോദി സ്തുതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍: മോദിപ്പേടി കൊണ്ടെന്നും ആക്ഷേപം: ന്യായീകരിക്കാനാകാതെ നേതൃത്വം
ന്യൂഡല്‍ഹി: മോദിക്ക് സ്തുതിപാടി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുമ്പോള്‍ നേതൃത്വത്തിന് കാഴ്ചക്കാരാകേണ്ടി വരുന്നു. സ്തുതിപാഠകരെ തിരുത്തേണ്ടവരും താക്കീതു ചെയ്യേണ്ടവരുമാണ് രംഗത്തു വരുന്നതെന്നതും കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.
ജയറാം രമേശിന് പിന്നാലെ അഭിഷേക് സിങ്വിയും മോദിസ്തുതിയെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്. എപ്പോഴും മോദിക്കെതിരേ വിമര്‍ശനം നടത്തുന്ന ശശി തരൂരും ജയറാം രമേശിനൊപ്പമാണ് നിന്നത്. ഐ.എന്‍.എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്ത നടപടി കടുകട്ടിയായ ഇംഗ്ലീഷ് വാക്കിലൂടെ വിമര്‍ശിാണ്് ശശി തരൂര്‍ രംഗത്തെത്തിയിരുന്നത്. മറ്റൊരാളുടെ ദുര്യോഗത്തില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ട്വിറ്ററിലാണ് എതിരാളികളെ ലക്ഷ്യമിട്ട് അന്ന് തരൂര്‍ രംഗത്തെത്തിയിരുന്നത്. എന്നാല്‍ അതില്‍ പിന്നെ അടുത്ത അറസ്റ്റ് തരൂരിന്റേതാകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. അതിനുശേഷമാണ് തരൂരിലും മാറ്റങ്ങള്‍ ദൃശ്യമാകുന്നത്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നുമാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നത്. ഇതിനെതിരേ വിമര്‍ശനമുയര്‍ന്നപ്പോള്‍ തന്റെ മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്.
അതേ സമയം മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തളളിക്കളഞ്ഞു. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നുമുള്ള ലഘുവായ മറുപടി മാത്രമാണ് വേണുഗോപാലും നടത്തിയത്.
മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ അല്ല കോണ്‍ഗ്രസിന്റെ പണിയെന്നും സര്‍ക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണുഗോപാല്‍ അറിയിച്ചു. എന്നാല്‍ നിലവിലെ സാമ്പത്തിക തകര്‍ച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നുമാണ് വേണുഗോപാല്‍ വ്യക്തമാക്കിയത്.
മോദിയെ വിമര്‍ശിക്കുന്നത് എപ്പോഴും ഗുണകരമാവില്ലെന്നും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും വ്യക്തമാക്കിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്വിയും രംഗത്തെത്തിയത്.
'മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്നാണ് അഭിഷേക് സിങ്വി ട്വിറ്ററില്‍ കുറിച്ചത്. അതേ സമയം കോണ്‍ഗ്രസില്‍ മോദിപ്പേടി തുടങ്ങിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതികാര നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇനി ജയിലിലേക്കുള്ള വഴിയിലുള്ളവര്‍ പേടിച്ചിട്ടാണ് നിലപാട് മാറ്റുന്നതെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മി റെഡ്ഡിയുടെ പുസ്തകം പ്രകാശന വേദിയിലാണ് ജയറാം രമേഷ് മോദിയെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും അനുകൂലിച്ച് രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."